എല്ലാം നമ്മുടെ പാര്‍ട്ടിക്കാര്‍ അങ്ങനെ കൈവിടാന്‍ പറ്റുമോ; മോഡിയെ പഴിക്കുന്നതെന്തിന്? മോഹന്‍കുമാറിനെ ഉമ്മന്‍ചാണ്ടി നിയമിച്ചില്ലേ

ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ബിജെപി നേതാവ് അവിനാശ് റായി ഖന്നയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും കേരളത്തിന്റെ പ്രിയങ്കരനായ കുഞ്ഞൂഞ്ഞും രമേശ് ചെന്നിത്തലയും ചേര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായിരിക്കുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അവിടെ രാഷ്ട്രീയക്കാരെ നിയമിക്കാന്‍ പാടുള്ളതല്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷന്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ആളായിരിക്കണം . ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവാണ് ദേശീയ കമ്മീഷന്റെ അധ്യക്ഷന്‍. കേരള കമ്മീഷനില്‍ അധ്യക്ഷ പദവി ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
മുന്‍ നിയമസഭാംഗവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും രമേശ് ചെന്നിത്തല ഭക്തനുമായ കെ മോഹന്‍ കുമാറിനെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരള മനുഷ്യാവകാശ കമ്മീഷനില്‍ അംഗമാക്കിയത്. മനുഷ്യാവകാശ നിയമത്തില്‍ അവഗാഹതയും മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിപുണതയുള്ള ആളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യല്‍ അംഗം എന്ന നിയമവ്യവസ്ഥയെ തൃണവത്ക്കരിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവിനെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടി അംഗമാക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചപ്പോഴായിരുന്നു നിയമനം അതിനുമുമ്പ് തന്നെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകാന്‍ ചരടുവലികള്‍ നടത്തിയിരുന്നു. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പാണ് മോഹന്‍കുമാറിന് സഹായകരമായി തീര്‍ന്നത്.
മോഹന്‍കുമാര്‍ പേരിന് അഭിഭാഷകനാണ്. എന്നാല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നതിനാല്‍ കോടതി പ്രാക്ടീസ് കുറവാണഅ. കേരള മനുഷ്യാവകാശ കമ്മീഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ അംഗമായി നിയമിച്ചത്. നേരത്തെ ഡോ എസ് ബലരാമന്‍, പ്രൊഫ. എസ് വര്‍ഗീസ്, അഡ്വ. കെ ഇ ഗംഗാധരന്‍ എന്നിവരായിരുന്നു കമ്മീഷനിലെ നോണ്‍ ജുഡീഷല്‍ അംഗങ്ങള്‍. കേരള മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്നു കൊണ്ട് മോഹന്‍കുമാര്‍ നടത്തുന്ന സിറ്റിംഗുകള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്.
ജസ്റ്റിസ് ജെ ബി കോശി സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ മോഹന്‍കുമാറായിരുന്നു കേരള മനുഷ്യാവകാശ കമ്മീഷന്റെ താത്ക്കാലികാദ്ധ്യക്ഷനാകേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും കോണ്‍ഗ്രസ് അനുകൂല നിലപാടുകളും കാരണം അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന ജുഡീഷ്യല്‍ അംഗത്തെ സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല നല്‍കുകയായിരുന്നു.
ചട്ടം മറി നടന്നാണ് ചാണ്ടി മോഹന്‍കുമാറിനെ നിയമിച്ചത്. ഇതേ ചട്ടലംഘനം തന്നെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും നടക്കാന്‍ പോകുന്നത്. നരേന്ദ്രമോഡിയുടെ ആശീര്‍വാദത്തോടെ നടന്ന ഗോദ്ര കൂട്ടക്കൊല പുറത്തു കൊണ്ടു വന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ്. അതേ കമ്മീഷനിലേയ്ക്കാണ് ഇപ്പോള്‍ ബിജെപി നേതാവ് വരുന്നത്. രാഷ്ട്രീയ നേതാക്കളെ ചട്ടം മറി കടന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ നിയമിക്കുന്നത് ഉന്നത നീതിബോധത്തിനും മനുഷ്യാവകാശ വീക്ഷണങ്ങള്‍ക്കും യോജിച്ചതല്ലെന്നു തന്നെയാണ് നിയമപണ്ഡിതരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























