മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ വി പി രാമകൃഷ്ണപിള്ള അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

ആര്‍എസ്പി നേതാവ് വി പി രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ ഒമ്പതു മുതല്‍ ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചിന് അഷ്ടമുടിയില്‍.
കഴിഞ്ഞ ഒരു മാസമായി വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ കുറച്ചു നാളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
എട്ടും പത്തും കേരള നിയമസഭകളില്‍ അംഗമായിരുന്ന വി പി രാമകൃഷ്ണപിള്ള തൊഴില്‍ ജലസേചന മന്ത്രിയുമായിരുന്നു. 1998-2001 കാലത്ത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണു രാമകൃഷ്ണപിള്ള മന്ത്രിയായത്.
ഏറെ നാള്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളോളം ആര്‍എസ്പി കൊല്ലം ജില്ലാസെക്രട്ടറിയായിരുന്ന അദ്ദേഹം ആര്‍എസ്പി കേന്ദ്രസെക്രട്ടറിയേറ്റിലും അംഗമായിട്ടുണ്ട്.
എല്‍ഡിഎഫില്‍ നിന്നു മാറി യുഡിഎഫിലേക്ക് ആര്‍എസ്പി പോയതില്‍ അതൃപ്തനായിരുന്നു വി പി ആര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടായിരുന്നു അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ആര്‍എസ്പി വിട്ട് പുതിയ പാര്‍ട്ടിക്കു രൂപം നല്‍കി എല്‍ഡിഎഫിനൊപ്പം അണിചേര്‍ന്ന കോവൂര്‍ കുഞ്ഞുമോനു തെരഞ്ഞെടുപ്പു വേളയില്‍ അദ്ദേഹം പിന്തുണ അറിയിച്ച് എത്തിയിരുന്നു.
ആര്‍എസ്പിയുടെ നിലവിലുള്ള നേതൃത്വം മാറണമെന്നും ഈ നേതാവ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫുമായി പാര്‍ട്ടിക്കുള്ള ബന്ധം വിടുന്നതിനോ എല്‍ഡിഎഫുമായി യോജിക്കുന്നതിലോ തനിക്ക് എതിര്‍പ്പില്ലെന്നും വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചില്ല.
യുഡിഎഫ് ചേരിയില്‍ ചെന്നെത്തിയ ആര്‍എസ്പി നടപടിയില്‍ പ്രതിഷേധിച്ചു നേരത്തെ വി പി ആറിന്റെ മകള്‍ ബി ജയന്തി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ആര്‍എസ്പി ജില്ലാ സെക്രട്ടറിയറ്റ് അംഗത്വം രാജിവച്ചാണു ജയന്തി സിപിഎമ്മില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha


























