വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി സി.പി.എം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയും ഒളിവില്‍ കഴിയുകയുമായിരുന്ന സി.പി.എം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ മുമ്പാകെ കീഴടങ്ങി. രാവിലെ എട്ടു മണിയോടെ, മാദ്ധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചായിരുന്നു കമ്മിഷണര്‍ ഓഫീസില്‍ എത്തി സക്കീര്‍ കീഴടങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളുകയും ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ സക്കീറിനോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. സക്കീറിനെ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ 27നാണ് ഗുണ്ടകളുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിന് സക്കീര്‍ ഹുസൈനെതിരെ സിറ്റി ടാസക് ഫോഴ്‌സ് കേസെടുത്തത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. എറണാകുളം സൗത്ത് സി.ഐയ്ക്ക് കേസ് കൈമാറുകയായിരുന്നു. സൗത്ത് സി.ഐ സിബി ടോം ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവസംരംഭകയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസ് അന്വേഷിക്കുന്നതും സിബി ടോമാണ്.വ്യവസായിയായ വെണ്ണല സ്വദേശി ജൂബ് പൗലോസാണ് പരാതിക്കാരന്‍. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുന്നാം പ്രതിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന കലൂര്‍ കറുകപ്പിള്ളിയില്‍ സിദ്ദിഖ് ആണ് കേസില്‍ രണ്ടാം പ്രതി.
തമ്മനം കോടത്ത് വീട്ടില്‍ ഫൈസല്‍ ആണ് മൂന്നാം പ്രതി. ഇയാള്‍ യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണ്. പുക്കാട്ടുപടി സ്വദേശിനി കണയാരപ്പടി ഷീല തോമസാണ് നാലാം പ്രതി.
https://www.facebook.com/Malayalivartha

























