ഇത്രത്തോളം അധപതിക്കരുത്: 2000 രൂപ നോട്ടിന്റെ രൂപകല്‍പന ദുരന്തമെന്ന് വിദഗ്ധര്‍

പഴയനോട്ടുകള്‍ പിന്‍വലിച്ച് പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ രൂപകല്‍പനയെ ദുരന്തമെന്ന് വിശേഷിപ്പിച്ച് വിദഗ്ധര്‍. രാജ്യത്ത് നിലവിലുള്ള നോട്ടുകളുടെയും വിദേശ രാജ്യങ്ങളിലെ കറന്‍സികളുടെയും രൂപകല്‍പനയുമായി താരതമ്യം ചെയ്താണ് ഈ വിലയിരുത്തല്‍. പുതിയ നോട്ടിനെതിരെയും അതിന്റെ രൂപകല്‍പ്പനക്കെതിരെയും വ്യാപക വിമര്‍ശനം.എളുപ്പത്തില്‍ ഇതിന്റെ കള്ളന്‍ ഇറങ്ങുമെന്നും അവര്‍ വാദിക്കുന്നു. നോട്ടുകളില്‍ പുതിയ സവിശേഷതകളോ സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ലെന്ന് റിസര്‍വ്വ് ബാങ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടിന്റെ മഷിയിളകുന്നതായുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ ബിയേഡ് ഡിസൈന്‍ എന്ന വെബ്‌സൈറ്റ് രൂപകല്‍പനയെ അപഗ്രഥിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്. ഏകീകൃതമായ ഒരു ആശയം പോലും പുലര്‍ത്താതെയാണ് നോട്ടുകളുടെ രൂപകല്‍പനയെന്ന് പുതിയ വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഘടകങ്ങളുടെ വിന്യാസം ഉള്‍പ്പെടെ ലേ ഔട്ടില്‍ ഒട്ടുംതന്നെ ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. നിറസംയോജനം നോട്ടിനെ വ്യാപാരമേളയുടെ കൂപ്പണ്‍ പോലെയാക്കിയിരിക്കുന്നു. മുദ്രണത്തിനായി ഉപയോഗിക്കപ്പെട്ട അക്ഷരങ്ങള്‍ നിലവാരമില്ലാത്തവയാണ്. സഹൃദയത്വമുള്ള പാറ്റേണുകള്‍ക്കും ചിത്രങ്ങള്‍ക്കും പകരം ഇവ നോട്ടിലേക്ക് വാരിവിതറിയ നിലയിലാണുള്ളത്. അസന്തുലിതമായ വിടവുകളാണ് അക്ഷരങ്ങള്‍ തമ്മിലുള്ളത്.
ശ്രദ്ധാപൂര്‍വമല്ലാത്ത രൂപകല്‍പന മൂലം നോട്ടിന്റെ ഭംഗി ചോര്‍ന്നുപോയതായി വിദഗ്ധര്‍ വിലയിരുത്തുന്നു. അഞ്ച് പ്രത്യേകതരം ചിത്രണരീതിയാണ് നോട്ടില്‍ ഗാന്ധിജിയുടെ ചിത്രംപതിച്ച ഒന്നാം വശത്തുള്ളത്. സ്‌പൈറോഗ്രാഫ്, എച്ചിങ് ഇലസ്‌ട്രേഷന്‍, സ്വിസ് പങ്ക് പാറ്റേണ്‍, മുഗള്‍, ജ്യോമെട്രിക് എന്നീ സങ്കേതങ്ങളിലുള്ളവയാണ് ഇവ. മംഗള്‍യാന്റെ ചിത്രം പതിച്ചിരിക്കുന്ന മറുവശത്ത് നാല് പ്രത്യേക ചിത്രണരീതികള്‍ ഉപയോഗിച്ചിരിക്കുന്നു.
നോട്ടിന്റെ ഒന്നാംവശത്ത് അക്ഷരങ്ങളും ചിത്രങ്ങളുമുള്‍പ്പെടെ 23 ഘടകങ്ങള്‍ നിരത്തിയിരിക്കുന്നു. മറുവശത്ത് 17 ഘടകങ്ങളാണുള്ളത്. ചിലയിടത്ത് പല ഘടകങ്ങളും പരസ്പരം അതിക്രമിച്ച് കയറിയ രീതിയിലായിരിക്കുമ്പോള്‍ മറ്റ് ചില ഭാഗങ്ങളില്‍ ഒരേ ഘടകത്തിലെ വിവിധ അക്ഷരങ്ങള്‍ വ്യത്യസ്ത അകലം പാലിക്കുന്നുമുണ്ട്. മുന്‍ നോട്ടുകളിലുണ്ടായിരുന്ന അലങ്കാരമോടിയും പുതിയ നോട്ടുകള്‍ക്കില്ല.
നോട്ടിന്റെ ഒന്നാംവശത്ത് 11 ആലേഖന രീതികള്‍ 14 തരം വലിപ്പത്തില്‍ ഉപയോഗിച്ചിരിക്കുന്നു. മറുവശത്ത് ആറ് ആലേഖനരീതികള്‍ 11 തരം വലിപ്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാരിവിതറിയിരിക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും പരിശോധിച്ചാല്‍ ഒരുതവണ പോലും നേര്‍രേഖയിലെത്തുന്നില്ല. ഇതെല്ലാം കള്ളനോട്ടടിക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്.
ഗാന്ധിജിയുടെ ചിത്രത്തിലും അപാകതകളുണ്ട്. മുഖത്തിന്റെ നിഴല്‍ പശ്ചാത്തലവുമായി യോജിച്ച് ചേര്‍ന്നിട്ടില്ല. സ്വച്ഛ് ഭാരത് മുദ്ര ചരിഞ്ഞ നിലയിലാണ്. ഇവയും റിസര്‍വ്വ് ബാങ്കെന്ന മുദ്രണവും ഒരേ ഘടകമെന്ന് തോന്നിപ്പിക്കുന്നു. ദേശീയ പുഷ്പവും പക്ഷിയുമെന്ന നിലയില്‍ താമരയും മയിലും നോട്ടില്‍ ഇടംപിടിക്കുമ്പോള്‍ ദേശീയ മൃഗമായ കടുവയ്ക്ക് പകരം ആനയാണ് പുതിയ നോട്ടില്‍ സ്ഥാനം നേടിയിരിക്കുന്നത്. ഇതിനാകട്ടെ പ്രത്യേക കാരണമൊന്നും പറയാനുമില്ല. ബ്രെയിലി ലിപിയുടെ ഉപയോഗം മാത്രമാണ് പുരോഗമനപരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാധാരണ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് 72 മില്ലീമീറ്റര്‍ വീതിയാണുള്ളത്. പുതിയ നോട്ടുകള്‍ക്ക് 66 മില്ലീമീറ്റര്‍. ആറ് മില്ലീമീറ്റര്‍ കുറവ്. ഇതാണ് എടിഎമ്മുകളില്‍ നിറയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടതിന് കാരണമായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ രൂപകല്‍പന കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും വ്യക്തമായ ആസൂത്രണത്തിന്റെ കുറവ് ഇവിടെ അനുഭവപ്പെടുന്നുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























