പഠിക്കാം നന്മയുടെ നല്ലപാഠം: 26കാരനായ മുതുകുളം സ്വദേശി സ്വന്തം കരള്‍ പകുത്തു നല്‍കിയത് അപരിചിതന്റെ ജീവന്‍ കാക്കാന്‍

പുതുതലമുറ സെല്‍ഫി ഭ്രാന്തന്‍മാരും മൊബൈല്‍ഫോണ്‍ ജീവികളുമാണെന്നാക്ഷേപിക്കുന്നവര്‍ക്ക് മുന്നിലേക്ക് ശരണ്‍ എത്തുന്നു. സ്വന്തം കരള്‍ അപരിചിതന്റെ ജീവന്‍ കാക്കാന്‍ പകുത്തു നല്‍കിയ ഇരുപത്തിയാറുകാരന്റെ ത്യാഗം സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ ശരണ്‍ നിവാസില്‍ ശരണ്‍ പ്രകാശ് എന്ന് 26 വയസുകാരനാണു കരള്‍ മറ്റൊരാള്‍ക്കു പകുത്തു നല്‍കിയത്. കൊല്ലത്ത് തുറമുഖ വകുപ്പില്‍ ഉദ്യോഗസ്ഥനാണ് ശരണ്‍.
കരുവാറ്റ സ്വദേശിയായ ജോഷിലാലി(40)നാണ് ശരണ്‍ കരളിന്റെ ഭാഗം പകുത്തു നല്‍കിയത്. ലിവര്‍ സിറോസിസ് ബാധിച്ചു ചികില്‍സയിലായിരുന്നു ജോഷിലാല്‍. എറണാകുളം അമൃതാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ ഇരുവരും സുഖം പ്രാപിച്ചുവരുന്നു.
കരള്‍ മാറ്റി വയ്ക്കുകയല്ലാതെ മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ജോഷി അതിനായുള്ള അന്വേഷണത്തിലായിരുന്നു. സുഹൃത്തായ അരുണ്‍ മുഖേനയാണ് ശരണ്‍ ഇതറിഞ്ഞത്. ഉടന്‍ തന്നെ കരള്‍ദാനത്തിനു സമ്മതമറിയിച്ചു.
മാതാപിതാക്കളും സഹോദരനും പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നു. മൂന്നു മാസത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ.
നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ശരണ്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലി കിട്ടിയതോടെയാണു സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്നത്. മരണാനന്തരം ശരീരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിനായി നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടുമുണ്ട്.
പ്രകാശനാണ് ശരണിന്റെ പിതാവ്. അമ്മ കനകമ്മ തൃക്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടി.യു) സംസ്ഥാന സെക്രട്ടറി കൂടിയാണു കനകമ്മ. പ്രതാപനാണു സഹോദരന്‍.
https://www.facebook.com/Malayalivartha

























