ചുരിദാര്‍ ഹൈന്ദവ വസ്ത്രമല്ലാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല: ഭക്തസംഘടനകള്‍

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ ചുരിദാര്‍ ഉപേക്ഷിക്കണമെന്ന വാദത്തില്‍ ഉറച്ച് ഭക്തസംഘടനകള്‍. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്നും അതുകൊണ്ടു തന്നെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നത് അനാവശ്യമാണെന്നും വിവിധ ഭക്തസംഘടനകള്‍ അറിയിച്ചു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് നടത്തിയ ഹിയറിങ്ങിലാണ് കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് ചുരിദാറിനെ എതിര്‍ത്തത്.
ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ജോലിക്ക് ഹാജരാകുന്ന പോലീസ്, അഭിഭാഷകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്ന് വാദിക്കുന്നത് എന്തിനാണെന്നുംസംഘടനാ നേതാക്കള്‍ ചോദിക്കുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിന് മീതേ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെ തിരുവനന്തപുരം സ്വദേശി റിയാ രാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























