കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലത്ത് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍ കണ്ടെത്തി, ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെന്ന് സൂചന. കരിങ്ങന്നൂരില്‍ ബുധനാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രിയ (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. വെളിനല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നിര്‍മലയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സംഭവത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. മരിച്ച പ്രിയ കരിങ്ങന്നൂര്‍ പുതുശ്ശേരി സ്വദേശി അരുണ്‍ ബാബുവുമായി പ്രണയത്തിലായിരുന്നു.
ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വിവാഹത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പിറ്റേദിവസം യുവാവിന്റെ സഹോദരിയും പിതാവും ബിജെപി നേതാക്കളമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്തണമെങ്കില്‍ സ്വര്‍ണവും പണവും നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ അഭിപ്രായവ്യത്യാസം ഉണ്ടായതായി പ്രിയയുടെ പിതാവ് പറയുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ അരുണ്‍ബാബുവിന്റെ പുതുശ്ശേരിയിലുള്ള വീട്ടിലെത്തിയ പ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു.
പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പുതുശ്ശേരി വള്ളക്കടവില്‍ മൃതദേഹം കണ്ടത്തെിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.
മരണത്തിനുത്തരവാദികളായ അരുണ്‍ ബാബുവിനെയും അയാളുടെ പിതാവ്, സഹോദരി എന്നിവരെയും ബിജെപി നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന മൃതദേഹവുമായി വൈകീട്ട് ആറോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വെളിനല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നിര്‍മലയുടെയും നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഏഴോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് പ്രിയയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha