പുതുവര്‍ഷത്തില്‍ പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; അഞ്ചര ലക്ഷം പേരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

പുതുവര്‍ഷത്തില്‍ വളരെ പ്രതീക്ഷയോടെ പെന്‍ഷന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടി നല്‍കി അഞ്ചര ലക്ഷത്തോളം പേരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. 39 ലക്ഷത്തോളം പേര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ട സ്ഥാനത്ത് ഇത്തവണ അനുവദിച്ചത് 33.5 ലക്ഷത്തോളം പേര്‍ക്കുള്ള തുക മാത്രം. വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, വയോജനങ്ങള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങി അര്‍ഹരായ ലക്ഷങ്ങള്‍ക്കാണു പെന്‍ഷന്‍ നിഷേധിച്ചത്. പണം ലഭിക്കാതിരുന്നപ്പോള്‍ അന്വേഷണത്തിനായി പഞ്ചായത്ത് ഓഫിസുകളില്‍ എത്തിയപ്പോഴാണു തങ്ങള്‍ പട്ടികയിലില്ലെന്ന വിവരം പലരും അറിയുന്നത്.
ക്ഷേമ പെന്‍ഷനുകളിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അനര്‍ഹരെ ഒഴിവാക്കാനും സര്‍ക്കാര്‍ നടത്തിയ നടപടികളുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി നേരത്തേ നടത്തിയ സര്‍വേ, സത്യവാങ്മൂല ശേഖരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരുടെ പട്ടികയുണ്ടാക്കിയത്. എന്നാല്‍ ആ പഠനം കൃത്യമായിരുന്നില്ലെന്നും പല പഞ്ചായത്തുകളും കൃത്യമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ഥലത്തില്ലാത്തവര്‍, വീട്ടുജോലിക്കായി ദൂരെ പോയവര്‍ തുടങ്ങിയവരെ സത്യവാങ്മൂലം നല്‍കിയില്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടുണ്ട്.
ആധാര്‍ നമ്പര്‍ കൃത്യമല്ല, ബാങ്ക് അക്കൗണ്ട് നമ്പരില്‍ വ്യത്യാസമുണ്ട്, രണ്ടേക്കറില്‍ അധികം ഭൂമിയുണ്ട്, ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്, വിധവകള്‍ പുനര്‍വിവാഹം നടത്തി തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ഒഴിവാക്കപ്പെട്ടവരുമുണ്ട്. ഇവരുടെ പെന്‍ഷന്‍ 'റദ്ദാക്കി' എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. തിരിച്ചറിയല്‍ വിവരങ്ങളും മറ്റും സമര്‍പ്പിച്ചവര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതെന്നും മറ്റുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്കു പെന്‍ഷന്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha