തിയേറ്ററുകള്‍ ഇനി അടച്ചിടേണ്ടിവരില്ലെന്ന് ദിലീപ്, പുതിയ സംഘടന ഇന്ന് മുതല്‍

ഇനി മുതല്‍ ആ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു കാര്യങ്ങള്‍ സ്മൂത്ത്. സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാണ് തന്റെ നേതൃത്വത്തിലുള്ളതെന്ന് നടന്‍ ദിലീപ്. ഇനി തിയറ്ററുകളില്‍ സിനിമ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നും ദിലീപ്. തിയറ്ററുടമകളുടെ പുതിയ സംഘടനയുടെ രൂപീകരണയോഗത്തിന് മുമ്പ് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ രൂപീകരിക്കുന്ന പുതിയ തിയറ്റര്‍ സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ തുടങ്ങി. സമരത്തിന് നേതൃത്വം നല്‍കിയ ഫെഡറേഷനെ പിളര്‍ത്തിയും പുറത്തുള്ള തിയറ്ററുടമകളെ ഏകോപിപ്പിച്ചുമാണ് പുതിയ സംഘടന. തിയറ്റര്‍ ഉടമകളായ നിര്‍മ്മാതാക്കളും വിതരണക്കാരും സംഘടനയുടെ തലപ്പത്തുണ്ടാകും. സിനിമയുടെ ഭാവി പുതിയ സംഘടനയിലാണെന്ന് ദിലീപ് പറയുന്നു. സിനിമ കാണാനായി തിയറ്ററുകളിലെത്തുന്നത് അതിഥികളാണ്. അവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കുകയല്ല ചെയ്യേണ്ടത്. തിയറ്ററുകളില്‍ നിന്ന് പ്രേക്ഷകരെ ആട്ടിയകറ്റരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ സംഘടന. സിനിമയ്ക്ക് വേണ്ടിയുള്ള കൂട്ടായ്മയായി ഇതിനെ കാണണം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാനും പിളര്‍ത്താനും താന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആര്‍ക്കുമെതിരെയുള്ള പ്രതികാര നീക്കം അല്ല പുതിയ സംഘടന. ലിബര്‍ട്ടി ബഷീറിനും ഈ സംഘടനയിലേക്ക വരാം
താന്‍ ആ സംഘടനയിലെ അംഗമല്ല. വിതരണക്കാരനും നിര്‍മ്മാതാവും തിയറ്ററുടമയും ആയതിനാല്‍ നിലവിലുള്ള സിനിമാ തര്‍ക്കത്തിലെ യഥാര്‍ത്ഥ കാരണങ്ങള്‍ തനിക്ക് മനസ്സിലാകും. തന്നെ കള്ളപ്പണക്കാരനെന്ന് വിളിച്ചവര്‍ക്ക് മറുപടി നല്‍കുന്നില്ല. ബാങ്ക് വായ്പയിലൂടെയാണ് ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന തിയറ്റര്‍ തുടങ്ങിയത്. തിയറ്റര്‍ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് തനിക്ക് ശരിക്കറിയാമെന്നും ദിലീപ്.
സിനിമാ സമരം ഒരു മാസത്തിലേക്ക് കടന്നപ്പോഴാണ് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ അപ്രതീക്ഷിത നീക്കമുണ്ടായത്. ആദ്യ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങളില്ലാത്ത ചര്‍ച്ചയ്ക്ക് ഇല്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയതോടെയാണ് ഫെഡറേഷനില്‍ അംഗമല്ലാത്തവരും, റിലീസിന് യോഗ്യമായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെ തിയറ്ററുടമകളും, ഫെഡറേഷന്‍ നിലപാടിനോട് വിയോജിപ്പുള്ളവരും ദിലീപ് നേതൃത്വം നല്‍കുന്ന സംഘടനയുമായി സഹകരിക്കാമെന്ന് അറിയിച്ചത്. സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും ഏകപക്ഷീയ നിലപാടിനോട് യോജിപ്പില്ലെന്ന അഭിപ്രായവും ഫെഡറേഷനെ വെട്ടില്ലാക്കുകയും ചെയ്തു. ഇതോടെയാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രഖ്യാപനത്തിന് മുമ്പ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ തയ്യാറായത്.
https://www.facebook.com/Malayalivartha