തൃപ്തി ദേശായി തിരുവനന്തപുരത്ത്; വേഷംമാറി ശബരിമലയില്‍ എത്താന്‍ ശ്രമം; ഒപ്പം മറ്റു സ്ത്രീകളും, പമ്പയില്‍ സുരക്ഷ ശക്തമാക്കി

പമ്പയില്‍ പരിശോധന തകൃതി. പോലീസ് അങ്കലാപ്പില്‍. ശബരിമല ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തലസ്ഥാനത്ത് എത്തിയതായി സൂചന. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ അറിയിച്ചതായി റിപ്പോര്‍ട്ട്. തൃപ്തിക്കൊപ്പം മറ്റ് ചില യുവതികളും തലസ്ഥാനത്ത് എത്തിയതായും വിവരമുണ്ട്.
വിമാനമാര്‍ഗം തലസ്ഥാനത്ത് എത്തിയ തൃപ്തി വേഷം മാറിയായിരിക്കും ശബരിമലയിലേക്ക് കടക്കുക. ശനിയാഴ്ച്ച മകരവിളക്ക് നടക്കുന്നതിനാല്‍ കനത്ത തിരക്കിനിടയിലൂടെ ശബരിമല നട ചവിട്ടുവാനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കനത്ത പ്രക്ഷോഭം ആരംഭിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കുവാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
വിവിധ ഹൈന്ദവ സംഘടനകളും അയ്യപ്പഭക്തരും തൃപ്തിയെ തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃപ്തിയെ അറസ്റ്റ് ചെയ്യുവാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനിതാ പൊലീസിനെ കൂടുതലായി പമ്പയില്‍ വിന്യസിപ്പിച്ചു കഴിഞ്ഞു. സംശയം തോന്നുന്നവരെ കര്‍ശനമായി പരിശോധിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനുവരി ആദ്യം താന്‍ നയിക്കുന്ന സ്ത്രീകളുടെ സംഘം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായി ശ്രമിച്ചാല്‍ അവരെ പമ്പയില്‍ തടയാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ വനിത വിഭാഗമായ ദുര്‍ഗാവാഹിനിയും അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha