ലക്ഷ്മി നായരും പിതാവും സമരം ഒത്തുതീര്‍ക്കാനായി സി.പി.ഐ സഹായം തേടി, നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍ക്കാന്‍ സി.പി.ഐ നേതൃത്വത്തിന്റെ സഹകരണം തേടി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. നാരായണന്‍ നായരും ലക്ഷ്മി നായരും എം.എന്‍. സ്മാരകത്തില്‍. എന്നാല്‍, നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ നേതൃത്വം അവരെ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാന്‍ എത്തിയത്. എസ്.എഫ്.ഐ സമരത്തില്‍നിന്ന് പിന്മാറിയിട്ടും എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ എന്നിവരുടെ വിദ്യാര്‍ഥി ഐക്യം കോളജിന് മുന്നില്‍ പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. എ.ഐ.എസ്.എഫിനെ അനുനയിപ്പിക്കാനുള്ള മാര്‍ഗം തേടിയാണ് മാനേജ്‌മെന്റ് ഭാരവാഹികള്‍ പോയത്.
എന്നാല്‍, വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സി.പി.ഐയുടെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് കാനം രാജേന്ദ്രന്‍ നാരായണന്‍ നായരോട് വ്യക്തമാക്കി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോടാണ് മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യേണ്ടത്. വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് വിളിക്കാന്‍ മാനേജ്‌മെന്റ് സര്‍ക്കാറിനോടോ സര്‍വകലാശാലയോടോ ആവശ്യപ്പെടണം. എന്നിട്ട് അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. മാനേജ്‌മെന്റിന് തങ്ങളുടെ ഭാഗവും പറയാം. ആ ചര്‍ച്ചയിലൂടെ ധാരണയിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അല്ലാതെ എസ്.എഫ്.ഐയുമായി രഹസ്യചര്‍ച്ച നടത്തി ധാരണയിലെത്തുകയും അത് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിക്കണമെന്ന് പറയുകയും ചെയ്താല്‍ അത് നടപ്പില്ലെന്നും കാനം മാനേജ്‌മെന്റ് പ്രതിനിധികളോട് പറഞ്ഞു. എസ്.എഫ്.ഐയുമായി നടത്തിയ രഹസ്യചര്‍ച്ചയും ധാരണയും നല്ലകാര്യമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എഫ്.ഐ സമരത്തില്‍നിന്ന് തിങ്കളാഴ്ച പിന്മാറിയതോടെ കോളജ് തുറക്കുമെന്നും പഠനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നുമാണ് മാനേജ്‌മെന്റ് അധികാരികള്‍ കഴിഞ്ഞദിവസം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ സമരനിലപാടുമായി ശക്തമായി മുന്നോട്ട് പോയതോടെ വ്യാഴാഴ്ചയും കോളജ് തുറക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha


























