സ്വാശ്രയ കോളേജുകളിലെ ഇന്‍േറണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍; ആശങ്ക പരിഹരിക്കാന്‍ നാല് വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാശ്രയ കോളേജുകളില്‍ ഇന്റേണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലുളള സംവിധാനത്തില്‍ ഏത് രീതിയിലുളള പരിഷ്‌കരണം ആവാം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാലു വൈസ്ചാന്‍സലര്‍മാരുടെ സമിതിയെ നിയോഗിക്കുമെന്ന് പിണറായി വിജയന്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചേമ്പറില്‍ നടന്ന വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അംഗങ്ങളെ തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
അധ്യാപക നിയമനം സര്‍വ്വകലാശാലാ നിയമം അനുശാസിക്കുന്ന രീതിയില്‍ത്തന്നെ നടത്താനും കര്‍ശന നിര്‍ദേശം നല്‍കി. കലാലയങ്ങളില്‍ സര്‍വ്വകലാശാലാ നിയമപ്രകാരമുളള തസ്തികകള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ. അധ്യാപന നിലവാരം ഉറപ്പാക്കും. സര്‍വ്വകലാശാലാ ഭരണസമിതികള്‍ നിയോഗിക്കുന്ന വിവിധ കമ്മിറ്റികള്‍ കോളേജുകളില്‍ നടത്തുന്ന പരിശോധനകള്‍ നിരീക്ഷിക്കും. ഇതില്‍ ക്രമക്കേടോ അപാകതയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രാഥമികമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന ലഭിക്കണം. വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്.
പല കോളേജുകളിലും മതിയായ പശ്ചാത്തല സൗകര്യമില്ല. അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, കോളേജ് യൂണിയനുകള്‍ എന്നിവ പലയിടത്തും പേരിനു മാത്രമേ പ്രവര്‍ത്തിക്കുന്നുളളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ല. സര്‍വ്വകലാശാലകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നില്ല. പല അവസരങ്ങളിലും മാനേജ്‌മെന്റുകള്‍ സര്‍വ്വകലാശാലകളെ സ്വാധീനിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകലാശാലകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. എല്ലാ കോളേജുകളിലും കോളേജ് യൂണിയനുകളും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പാക്കണം. ഇത് സംബന്ധിച്ച് വൈസ്ചാന്‍സലര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha