വിദ്യാര്‍ത്ഥികളോട് ക്ഷോഭിച്ച് മന്ത്രി ഇറങ്ങിപ്പോയി, ലോ അക്കാദമി ചര്‍ച്ച പരാജയം; യോഗത്തില്‍ വാഗ്വാദം; മാനേജുമെന്റുമായി ചര്‍ച്ച ചെയ്യൂ എന്ന് മന്ത്രി

ലോ അക്കാദമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവായമാകാതെ പിരിഞ്ഞത്. വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടതോടെ ലക്ഷ്മി നായരുടെ രാജിയോ പുറത്താക്കലോ ഉണ്ടാവാതെ പിന്നോട്ടില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ വിദ്യാഭ്യാസമന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ക്ഷുഭിതനായി സി രവീന്ദ്രനാഥ് ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു
മന്ത്രിയുടെ ഇറങ്ങിപ്പോക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. മന്ത്രി മാനേജ്‌മെന്റിനൊപ്പമാണെന്നും സമരക്കാര്‍ ആരോപിച്ചു. പുതിയതായി ഒരു നിര്‍ദ്ദേശവും വന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങുമെന്ന് ചര്‍ച്ചയ്ക്കുശേഷം മാനേജ്‌മെന്റ് പ്രതിനിധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha