അയല്‍വാസി കെട്ടിയടച്ച വഴിയുടെ മുന്നില്‍ പകച്ച് ഒരു കുടുംബം

തിരുവല്ല കല്ലിശേരിയിലെ നാലംഗ കുടുംബം വീട്ടിലേക്ക് ഇറങ്ങുന്നത് കയറില്‍ തൂങ്ങി. സാഹസികതയോടുള്ള ആവേശമല്ല, ജീവിത ഗതികേടാണ് ഈ അഭ്യാസത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്. വീട്ടിലേക്കുള്ള വഴി അയല്‍വാസി കെട്ടിയടച്ചതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ഈ ദുരിതം. കൊച്ചുകുഞ്ഞിനെവരെ കൈയില്‍ പിടിച്ചാണ് വലിയ പാറയിലൂടെ ഇവരിറങ്ങുന്നത്.
സ്വന്തം വീട്ടിലേക്ക് മൂന്നുപതിറ്റാണ്ടിലേറെയായി ഉണ്ടായിരുന്ന ഏക നടപ്പുവഴി അയല്‍വാസി കെട്ടിയടച്ചതോടെയാണ് നാലംഗ കുടുംബം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്. പുറത്തുകടക്കാന്‍ ഇപ്പോഴുള്ള ഏകആശ്രയം പുരയിടത്തിന്റെ രണ്ട് വശങ്ങളിലുള്ള പാറയില്‍ കെട്ടിത്തൂക്കിയ പ്ലാസ്റ്റിക് കയറുകള്‍ മാത്രം. മുഖ്യമന്ത്രിക്കും റവന്യൂ അധികൃതര്‍ക്കുമെല്ലാം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
റവന്യൂരേഖകളില്‍പ്പോലുമുള്ള നടപ്പുവഴി കെട്ടിയടച്ചതോടെ ദുരിതത്തിലായ മൂന്ന് കുടുംബങ്ങള്‍ക്കൂടി ഈ പ്രദേശത്തുണ്ട്. ജലവിതരണ പൈപ്പും തകര്‍ത്തുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിന് പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും എതിര്‍കക്ഷി കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. വഴി നല്‍കില്ലായെന്ന കടുത്ത നിലപാടാണ് എതിര്‍കക്ഷി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രെസിഡന്റ് പറഞ്ഞു. എന്നാല്‍, നിര്‍ധന കുടുംബത്തിന്റെ വീട്ടിലേക്കുള്ള വഴിയടച്ച സംഭവത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
https://www.facebook.com/Malayalivartha
























