ആര്‍ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിക്കായുള്ള കേരള സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ (രോഗി-സൗഹൃദ ആശുപത്രി സംരംഭം) സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 16-ാം തീയതി രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്ച് നിര്‍വഹിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടാകും. ഒ.പി. ട്രാന്‍സ്ഫര്‍മേഷന്‍, ജില്ലാ-താലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തല്‍, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യ നിര്‍ണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ദ്രം പദ്ധതി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിച്ചു...
ആരോഗ്യ മേഖലയുടെ മുഖഛായ മാറ്റുന്ന ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം ജനകീയ വിജയമാക്കാന്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിച്ചു. പ്രധാനപ്പെട്ട 4 രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ സെക്രട്ടറിമാരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
സ്ഥലം എംഎല്‍എ കൂടിയായ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയാണ് സംഘാടക സമിതി ചെയര്‍മാന്‍. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് കണ്‍വീനര്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികളേയും ഡി.എം.ഇ, ഡി.എച്ച്.എസ്, എസ്.എം.ഡി., എന്‍.എച്ച്.എം, എസ്.എ.ടി. സൂപ്രണ്ട്, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ, ഡി.പി.എം, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് സ്റ്റാഫ് പ്രതിനിധി എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha
























