പി.എസ്.സി രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമല്ലെങ്കില്‍ അപേക്ഷ അപ്ലോഡ് ആകാത്ത സംവിധാനം വേണമെന്ന് ഹൈക്കോടതി

പി.എസ്.സിയുടെ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളും ചിത്രവും വ്യക്തമല്ലെങ്കില്‍ അപേക്ഷ അപ്ലോഡ് ചെയ്യാന്‍ കഴിയാത്ത സാങ്കേതിക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി. അപ് ലോഡായ ശേഷം വ്യക്തതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ തള്ളുന്നത് അപേക്ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഇത്തരം സംവിധാനം വേണമെന്ന് കോടതി വ്യക്തമാക്കി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അപ്ലോഡ് ചെയ്ത ഫോട്ടോയില്‍ പേരും ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്തിയത് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചതിനെതിരെ കോട്ടയം ഒളശ്ശ സ്വദേശിനി എം.കെ. ശോഭ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അപേക്ഷ നിരസിച്ച നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരിയുടെ അപേക്ഷ സ്വീകരിക്കാനും ആവശ്യമെങ്കില്‍ അപാകത പരിഹരിക്കാന്‍ അവസരം നല്‍കാനും പി.എസ്.സിക്ക് നിര്‍ദേശം നല്‍കി.
സഹകരണബാങ്കിലെ ക്‌ളര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് ഹരജിക്കാരി നല്‍കിയ അപേക്ഷ സ്വീകരിച്ച് പരീക്ഷ എഴുതാന്‍ പി.എസ്.സി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഫോട്ടോയിലെ അപാകത ചൂണ്ടിക്കാട്ടി പിന്നീട് അപേക്ഷ തള്ളി. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha

























