തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

തമിഴ്നാട്ടിലെ മധുര തിരുപ്പറംകുൺട്രം മലമുകളിലെ 'ദീപത്തൂണിൽ' (Deepathoon) നാളെ (2026 നവംബർ 28, ശനിയാഴ്ച) കാർത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ 24-ന് ദീപം തെളിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട് ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.കോടതി ഉത്തരവ് ഉദ്യോഗസ്ഥർ മനഃപൂർവ്വം ലംഘിച്ചുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യത്തിനൊത്ത് ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവെന്ന് കുറ്റപ്പെടുത്തി.
സുപ്രീംകോടതി ഉത്തരവുകൾ വിലപേശാനുള്ളതല്ലെന്നും അവ നടപ്പാക്കാൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (HR&CE) കമ്മീഷണർ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ, മറ്റ് ട്രസ്റ്റിമാർ എന്നിവർക്കെതിരെ കോടതി അലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഡിസംബർ 15-ന് ഇവർ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, ഉദ്യോഗസ്ഥർ തമ്മിലുള്ള ഇമെയിൽ, ഫോൺ സന്ദേശങ്ങളുടെ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, തിരുപ്പറംകുൺട്രം മലയിലെ സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്ക് (CRPF) കൈമാറി. സമീപത്തുള്ള സിക്കന്ദർ ബാദുഷ ദർഗയിൽ നിന്ന് 50 മീറ്റർ അകലം പാലിച്ച് വേണം സുരക്ഷയൊരുക്കാനെന്നും, ദർഗയിലേക്കുള്ള വിശ്വാസികളുടെ സഞ്ചാരത്തിന് യാതൊരു തടസ്സവും ഉണ്ടാകരുതെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























