സുനിയുടെ നീക്കങ്ങള്‍ പോലീസിന് തിരിച്ചറിഞ്ഞത് അഭിഭാഷക വഴി

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നീക്കങ്ങളും വരവും പോലീസ് മനസ്സിലാക്കിയത് അഭിഭാഷകയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്. വ്യാഴാഴ്ച ഉച്ചയ്ക്ക് അഭിഭാഷക കോടതിയില്‍ എത്തിയപ്പോഴേക്കും സുനി കീഴടങ്ങിയേക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സുനി എത്തിയാല്‍ ഉടന്‍ പിടികൂടണമെന്ന ഉദ്ദേശത്തോടെ മഫ്തിയിലായിരുന്നു പോലീസ് എത്തിയത്.
എന്നാല്‍ കോടതിയുടെ പിന്നിലെ മതില്‍ ചാടിക്കടന്ന് സുനിയും വിജീഷും കോടതിയിലേക്ക് പ്രവേശിച്ചത് പോലീസിന്റെ കണക്കുകൂട്ടലുകള്‍ അല്‍പ്പം തെറ്റിച്ചു. പള്‍സര്‍ സുനി കോയമ്പത്തൂരില്‍ നിന്ന് എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയത് തിരുവനന്തപുരം വഴിയായിരുന്നു. ആദ്യം തിരുവനന്തപുരത്താണ് കീഴടങ്ങാന്‍ ആലോചിച്ചത്. ഇതിനായി അഭിഭാഷക ബുധനാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി പോലീസ് പള്‍സര്‍ സുനിക്കും കൂട്ടാളി വിജീഷിനും വേണ്ടി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം പ്രതികള്‍ എങ്ങോട്ടാണ് പോയതെന്നാണ് അന്വേഷണസംഘം അന്വേഷിച്ചത്. ഇതിനിടയില്‍ സംഭവത്തിലുള്‍പ്പെട്ട ആറുപേരില്‍ ഒരാളായ മാര്‍ട്ടിന്‍ പോലീസ് പിടിയിലായിരുന്നു. അടുത്തതായി പിടിയിലായത് സുനിയുമായി ഏറെ ബന്ധമുള്ള മണികണ്ഠനായിരുന്നു. ഇതിന് ശേഷം സുനിയുടെ രണ്ട് കാമുകിമാരേയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇടയ്ക്ക് പള്‍സര്‍ സുനിയെപ്പോലൊരാള്‍ ആലുവ ഭാഗത്ത് കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെടുന്നത് കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞു. സംഭവശേഷം സുനി ആലപ്പുഴയിലെത്തി കയ്യിലുണ്ടായിരുന്ന മാല വിറ്റതിന് ശേഷമാണ് കോയമ്പത്തൂരിലെത്തിയതെന്ന് മണികണ്ഠന്‍ പോലീസിന് മൊഴിനല്‍കി. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ തങ്ങള്‍ വഴക്കിട്ടിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
പിടിയിലായ മണികണ്ഠനുമായി പോലീസ് സംഭവം നടന്ന വഴികളിലൂടെ തെളിവെടുപ്പ് നടത്തിയിരുന്നു. എങ്കിലും അപ്പോഴും സുനി കാണാമറയത്ത് തന്നെയായിരുന്നു. പോലീസിന് പിടികൂടാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം കോടതിയില്‍ കീഴടങ്ങുന്ന പതിവ് സുനിക്കുണ്ടെന്ന് ഇതിനിടയില്‍ പോലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് രണ്ട് ദിവസമായി കൊച്ചിയിലും പരിസരത്തുമുള്ള കോടതിയില്‍ വന്‍ പോലീസ് സന്നാഹമായിരുന്നു തയ്യാറായിരുന്നത്.
എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സുനിയും വിജീഷും അങ്കമാലിയിലെ അഭിഭാഷകന്റെ വീട്ടിലെത്തി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് കരുതുന്ന മൊബൈല്‍ ഫോണടക്കമുള്ള തെളിവുകള്‍ കൈമാറി. കൂടാതെ 376, 366 വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകനോട് പറഞ്ഞു. ഈ സംഭവം പോലീസിനെ ഞെട്ടിച്ചിരുന്നു. ഇതോടെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സംശയം ബലപ്പെട്ടു. എന്നാല്‍ ബുധനാഴ്ച ഒന്നും സംഭവിച്ചില്ല. ഇന്നലെ ഉച്ചയോടെ എറണാകുളം സിജെഎം കോടതിയില്‍ നടന്ന നാടകീയ സംഭവങ്ങളോടെ പള്‍സര്‍ സുനിയെ പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha
























