തിരുവനന്തപുരം നഗരത്തില്‍ ഒരു വര്‍ഷത്തില്‍ മാനഭംഗ കേസുകള്‍ 66, കൊലപാതകം 12

തലസ്ഥാന നഗരം കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാകുന്നുവെന്ന് ശരിവയ്ക്കുന്ന തരത്തിലുള്ള കണക്കുകളാണ് പോലീസില്‍ നിന്ന് ലഭികുന്നത്. അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മാനഭംഗ കേസുകളും കൊലപാതക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളാകട്ടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ രണ്ടായിരത്തിലധികം വര്‍ധിക്കുകയും ചെയ്തു. മോഷണവും കൊള്ളയുമൊക്കെ തലസ്ഥാന നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ചെറിയ സംഭവങ്ങളില്‍ പോലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടാണ് എണ്ണം വര്‍ധിക്കുന്നതെന്ന ന്യായം പറയാമെങ്കിലും കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്നതാണ് സത്യം. 2015ല്‍ തിരുവനന്തപുരം നഗരത്തില്‍ 15,594 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2016 ഡിസംബര്‍വരെ അത് 17,868 എണ്ണമായാണ് വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം തലസ്ഥാന നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മാനഭംഗക്കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 66 മാനഭംഗക്കേസുകളാണ് ഈ കാലയളവില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തത്. അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ നഗരത്തില്‍ മാനഭംഗക്കേസുകളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നു കാണാം. 2010ന് ശേഷം ആദ്യമായാണ് മാനഭംഗക്കേസുകളുടെ എണ്ണം 60 കടക്കുന്നത്. 2010ല്‍ 27 മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് കഴിഞ്ഞകൊല്ലം ഇത്രയധികം വര്‍ധനയിലേക്ക് എത്തി നില്‍ക്കുന്നത്.
നഗരത്തില്‍ സ്ത്രീകളെ ശല്യംചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇത്തരത്തിലുള്ള 250 കേസുകളാണ് കഴിഞ്ഞവര്‍ഷം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ ലൈംഗീകമായി ഉപദ്രവിച്ചതിന് 20 കേസുകളും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2015ല്‍ ഏഴുകേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാനത്താണ് കഴിഞ്ഞവര്‍ഷം ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് ജാഗ്രത പാലിക്കുന്നതുകൊണ്ടാണ് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനായതെന്നും അതുകൊണ്ടാണ് എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് 559 കേസുകളും നഗരത്തിലെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് 48 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും നഗരത്തിന്റെ മുഖം വ്യക്തമാക്കുന്നുണ്ട്. ഇതേ കാലയളവില്‍ തലസ്ഥാന നഗരത്തില്‍ ഒരു സ്ത്രീധന മരണവുമുണ്ടായതായി പോലീസ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
തലസ്ഥാന നഗരത്തില്‍ കൊള്ള, ഭവനഭേദനം, മോഷണം, വഞ്ചന എന്നിവയും ഏറിയിട്ടുണ്ട്. 2015ല്‍ ഇവിടെ 235 മോഷണക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മോഷണത്തിന്റെ എണ്ണം 241 ആയി. കൊള്ളയുമായി ബന്ധപ്പെട്ട് മാത്രം 71 കേസുകളാണുണ്ടായത്. 118 ഭവനഭേദനങ്ങളും നഗരത്തില്‍ നടന്നു. 92 വാഹന മോഷണങ്ങളും നഗരത്തില്‍ അരങ്ങേറിയിരുന്നു. വഞ്ചനയുമായി ബന്ധപ്പെട്ട് 275 കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പത്തു കള്ളനോട്ട് കേസുകളും കഴിഞ്ഞവര്‍ഷം ഉണ്ടായതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ 61 കൊലപാതകങ്ങള്‍ നഗരത്തില്‍ നടന്നുവെന്നതും ഞെട്ടിക്കുന്നതാണ്. 2012ല്‍ 14 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ തൊട്ടടുത്ത വര്‍ഷം 10 പേര്‍വീണ്ടും കൊല്ലപ്പെട്ടു. 2013ല്‍ പത്തുപേരും 2014ല്‍ 13 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്. 2015ല്‍ ഒന്‍പതുപേരും തലസ്ഥാന നഗരത്തില്‍ കൊല്ലപ്പെട്ടു. അബ്കാരി കേസുകള്‍ 4,652 ആയി. എന്‍.ഡി.പി.എസ്. കേസുകള്‍ 447ല്‍ നിന്ന് 486 ആയി ഉയര്‍ന്നു. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് ഒരു കേസും കഴിഞ്ഞവര്‍ഷം തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























