മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു;യത്തീംഖാനയിലെ അനാഥകുരുന്നുകള്‍ക്ക്..വാളയാറിലെ പീഡിതസഹോദരിമാര്‍ക്ക്...ശബ്ദമുയര്‍ത്താന്‍ ഒരു ശിവസേനയുമില്ല,പ്രതിഷേധിക്കാന്‍ ഡി.വൈ.എഫ്.ഐയോ മറ്റു സംഘടനകളോ ഇല്ല

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവ്,എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നത്. രണ്ടാം ചുംബന സമരവും അരങ്ങേറും എന്നാണറിയാന്‍ കഴിഞ്ഞത്. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം മറൈന്‍ ഡ്രൈവില്‍ എത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം നല്‍കിയത്.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ആഹ്വാനത്തില്‍ 'സ്‌നേഹ ഇരിപ്പു സമര'വും കെഎസ്‌യു പ്രവര്‍ത്തകര്‍ 'സദാചാര ചൂരല്‍ സമര'വുമായി രംഗത്തുണ്ട്. ഇത്തരത്തില്‍ വികാരാധീനരായി രോഷം കൊള്ളുന്ന സംഘടനകള്‍ എന്ത് കൊണ്ട് യത്തീംഖാനയിലെയും വാളയാറിലെയും കുരുന്നുകള്‍ക്ക് സംഭവിച്ച ക്രൂരകൃത്യം കാണാതെ പോയി എന്നുള്ളത് പ്രസക്തിയേറിയ ചോദ്യമാണ്. സെലിബ്രിറ്റികള്‍ക്കും പ്രണയിതാക്കള്‍ക്കും വേദനിച്ചാല്‍ മാത്രം ഉണരുന്ന ഇവരുടെ വ്യക്തിത്വം സമൂഹമനഃസാക്ഷികളില്‍ ചോദ്യമുണര്‍ത്തുന്നു.
ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.
മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.
അനുമതി വാങ്ങാതെ നടത്തിയ പ്രകടനം മറൈന്‍ഡ്രൈവ് നടപ്പാതയില്‍ പ്രവേശിക്കുന്നതിനു മുന്‍പു തടയാനുള്ള നടപടി പൊലീസില്‍ നിന്നുണ്ടായില്ല. ചൂരലുകളുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി. മറൈന്‍ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുല്‍കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്.
അതിനിടെ, ശിവസേനയുടെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എ.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച സ്‌പെഷല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. വിജയന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha


























