പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സ് ഗുരുതരാവസ്ഥയില്‍ ; ജീവനക്കാരികളുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി

നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ലൈംഗീക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സ് ഗുരുതരാവസ്ഥയില്‍. വടക്കഞ്ചേരി സ്വദേശിനിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മകള്‍ക്ക് ആത്മഹത്യക്കു തുനിയാനുള്ള കാരണങ്ങളില്ലെന്നും വീട്ടില്‍ പ്രശ്‌നങ്ങളില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സി.ടി. സ്‌കാന്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രക്ഷിതാക്കള്‍ക്കു പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചു. നഴ്‌സിങ് ജീവനക്കാരികളുടെ ഹോസ്റ്റലിലാണ് ലൈംഗീക പീഡനം നടക്കുന്നതെന്ന് പറയപ്പെടുന്നു. സ്ഥാപനത്തിലെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേയാണ് ആരോപണം. ഇതിലൊരാള്‍ സ്ഥാപന നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണ്.
ജീവനക്കാരികളുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് ആക്ഷേപമുണ്ട്. ഇതു സഹിക്കവയ്യാതെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തിരുന്നു. കോട്ടായി, അട്ടപ്പള്ളം, ചിറ്റൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇതിലൊന്നില്‍ 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നതായി വിവരമുണ്ട്. ഇതിനകം 22 പേര്‍ പീഡനത്തിനിരയായതായി രഹസ്യവിവരം ലഭിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നഴ്‌സിങ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുള്ളതായും അറിയുന്നു. പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോകളുണ്ടെന്നും ഇനി മറ്റൊരു സ്ഥലത്തു ജോലി ലഭിക്കില്ലെന്നും വിവാഹം അടക്കമുള്ളവ മുടക്കുമെന്നും പറഞ്ഞാണ് ഭീഷണി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത സംഭവങ്ങളിലൊന്നും രക്ഷിതാക്കള്‍ പരാതിപ്പെടാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























