ഈ ഗുണ്ടകളെ പിടിച്ചുകെട്ടാന്‍ ഇവിടെ പോലീസില്ലേ? അഴീക്കലിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടിയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. യുവതിക്കൊപ്പം ആക്രമണത്തിന് ഇരയായ അട്ടപ്പാടി കാരറ പള്ളത്ത് വീട്ടില്‍ അനീഷ് (27) നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കായകുംളം, എരുവ, മണലൂര്‍ത്തറയില്‍ ധനേഷ് (30), അഴീക്കല്‍, പുതുമണ്ണേല്‍ അഭിലാഷ് എന്ന് വിളിക്കുന്ന സുഭാഷ് (33), അഴീക്കല്‍ പുതവേല്‍ ബിജു (42), ആലപ്പാട്, അഴീക്കല്‍ തയ്യില്‍ വീട്ടില്‍ ഗിരീഷ് (29), അഴീക്കല്‍ പുതുമണ്ണേല്‍ അനീഷ് ( (31) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് തനിക്ക് നേരെ വധഭീഷണി മുഴക്കിയതെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു അഴീക്കലില്‍ വച്ച് അനീഷിനെയും പെണ്‍സുഹൃത്തിനെയും അഞ്ചംഗ സംഘം ആക്രമിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇവര്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുകയും ചെയ്തു. വള്ളിക്കാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അനീഷും ശൂരനാട് സ്വദേശിയായ യുവതിയും. ബീച്ചിനടുത്തുള്ള കാറ്റാടിക്കൂട്ടത്തിന് സമീപത്തുവച്ചായിരുന്നു ഇവരെ മദ്യലഹരിയിലായിരുന്ന സംഘം വളഞ്ഞ് ശല്യപ്പെടുത്തിയത്. ഉപദ്രവിക്കരുതെന്ന് യുവാവും യുവതിയും കാലുപിടിച്ചിട്ടും വിട്ടില്ല. സംഭവ ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സംഘത്തിലുള്ളവര്‍ പെണ്‍കുട്ടിക്ക് നേരെയും വധഭീഷണി ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha


























