ബീയറുണ്ടാക്കാന്‍ മലമ്പുഴയില്‍നിന്ന് വെള്ളക്കടത്ത്; വരള്‍ച്ചക്കാലത്തെ അന്യായം

കടുത്ത ചൂടില്‍ കേരളം വരളുമ്പോള്‍ വിവാദ വ്യവസായി വിജയ് മല്യയുടെ മദ്യക്കമ്പനിക്കു ബീയറുണ്ടാക്കാന്‍ മലബുഴയില്‍നിന്ന് വെള്ളം കടത്തുന്നു. പാലക്കാട്ടുകാര്‍ക്ക് കുടിവെള്ളം എടുക്കുന്ന മലബുഴയില്‍നിന്ന് ജല അതോറിറ്റിയുടെ അറിവോടെയാണ് ടാങ്കറുകളില്‍ വെള്ളം കടത്തുന്നത്. അതേസമയം, വിഷയം പാലക്കാട്ടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നുമണിക്കുശേഷം മലമ്പുഴ റോഡിലൂടെ പായുന്ന ടാങ്കര്‍ ലോറികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബീയറുണ്ടാക്കാന്‍ വെള്ളം കടത്തുന്നതായി കണ്ടെത്തിയത്. രാത്രി വൈകി മലമ്പുഴയിലെ ജലശുദ്ധീകരണശാലയിലേക്കെത്തുന്ന ടാങ്കര്‍ ലോറിയില്‍ വെള്ളം നിറച്ച് പുതുശേരിയിലെ യുണൈറ്റഡ് ബ്രൂവറീസ് എന്ന വിജയ് മല്യയുടെ മദ്യനിര്‍മാണകബനിയില്‍ എത്തിക്കുന്നു. നിരവധി ടാങ്കറുകളിലായി ലക്ഷക്കണക്കിനു ലീറ്റര്‍ വെളളമാണ് ദിവസേന ഇവിടെയെത്തുന്നത്. പകല്‍ സമയത്തു വെളളം കൊണ്ടുപോകാന്‍ ചില സ്ഥാപനങ്ങളെ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഒന്നരമാസമായി ടാങ്കറില്‍ ആര്‍ക്കും വെളളം കൊടുക്കുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വേനല്‍ കനത്തതോടെ ജലം കൊണ്ടുപോകുന്നതിന് കബനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുപോലും കണക്കിലെടുക്കാതെയാണ് വെള്ളം കടത്തല്‍ നടത്തുന്നത്. സാധാരണക്കാര്‍ക്ക് ആവശ്യമായ വെള്ളം എത്തിക്കാന്‍ പ്രാദേശിക ഭരണകൂടത്തിനു സാധിക്കാതിരിക്കുബോഴാണ് അനധികൃതമായുള്ള ഈ വെള്ളക്കടത്ത്.

ജലംഉപയോഗിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജലനിയന്ത്രണം നിലനില്‍ക്കെയാണ് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഇത്തരം കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നത്. വരള്‍ച്ചാക്കാലത്ത് ഇരുട്ടിന്റെ മറവിലെ ഈ അന്യായത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

https://www.facebook.com/Malayalivartha


























