മിഷേലിന്റെ ഫോണിലേക്ക് എസ്എംഎസ് അയച്ച ക്രോണിന്‍; സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഫോണില്‍നിന്നു ഡിലീറ്റ് ചെയ്തു

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി (18) കായലില്‍ മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി എസ്എംഎസുകള്‍ അയച്ചതായി കണ്ടെത്തി. മിഷേലും താനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം.
അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. കേസില്‍ നീതിയുക്തവും ശരിയായ രീതിയിലുമുള്ള അന്വേഷണം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായി കര്‍മസമിതി പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു.
കേസിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടും ആദ്യഘട്ടത്തില്‍ ഉണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രിക്കു ഷാജി നിവേദനം നല്‍കി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണമാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിന്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഫോണില്‍നിന്നു മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായി. മിഷേലിന്റെ സിഡിആര്‍ (ഫോണ്‍ കോള്‍ വിശദാംശം) ലഭിച്ചശേഷം ആറിന് ഉച്ചതിരിഞ്ഞ് ക്രോണിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. മിഷേലിന്റെ മൃതദേഹം കായലില്‍നിന്നു ലഭിക്കുന്നതിനു മുന്‍പായിരുന്നു ഇത്. മിഷേലിനെ കാണാനില്ലെന്ന വിവരം ക്രോണിനുമായി പൊലീസ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മിഷേലുമായി പ്രശ്‌നങ്ങളില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ക്രോണിനില്‍ നിന്നുണ്ടായത്.
ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുള്‍പ്പെടെ 12 എസ്എംഎസുകള്‍ ക്രോണിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെടുത്തു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്. പ്രണയപൂര്‍വമുള്ള സംബോധനകളുമുണ്ട്. മുന്‍പ് അയച്ച എസ്എംഎസുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം ഇവ മാത്രം ഫോണില്‍ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയില്‍ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തില്‍ തനിക്കു പങ്കില്ലെന്നു വരുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേല്‍ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നു ജയിലിലെത്തി ചോദ്യം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha