ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി സംബന്ധിച്ച് ഐജിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെ ഉണ്ടായ പൊലീസ് നടപടി സംബന്ധിച്ച് ഐജി: മനോജ് എബ്രഹാം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമരത്തിലെ ബാഹ്യഇടപെടല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. അതേസമയം, ജിഷ്ണുവിന്റെ അമ്മ മഹിജ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
പൊലീസ് നടപടിയെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐജി ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
സമരക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ളവര്‍ കടന്നുകൂടിയോ, മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പ്രതിഷേധക്കാര്‍ക്ക് മര്‍ദ്ദനമേറ്റോ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

മെഡിക്കല്‍ കോളജില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. പൊലീസ് ആസ്ഥാനത്തിനു മുന്നിലേക്ക് പോവുകയും പൊലീസ് തടയുന്നിടത്ത് സമരം ആരംഭിക്കുകയും ചെയ്യാനാണ് ഒരുങ്ങുന്നത്.
സമരക്കാരുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ഡിജിപി അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള സാധ്യതകളും പരിശോധിക്കും. ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടി രാഷ്ട്രീയവിവാദമായ സാഹചര്യത്തില്‍ കരുതലോടെയാണ് പൊലീസിന്റേയും നീക്കങ്ങള്‍. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്.
സമരം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha


























