ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചില്ല; കൈകൊടുത്ത് പൊക്കിയെടുക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടും കുടുംബത്തോടും കരുതലോടെത്തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതിയില്ലാത്തവര്‍ ഡിജിപിയുടെ ഓഫിസിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് തടയുന്നത് സ്വാഭാവികമാണ്. മഹിജയെ വലിച്ചിഴച്ചിട്ടില്ല. നീതി ലഭ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു. ചേളാരിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മകന്‍ ഇല്ലാതായ അമ്മയുടെ വേദന മനസ്സിലാക്കാന്‍ നമുക്ക് കഴിയും. ജിഷ്ണുവിന് ദുരന്തം സംഭവിച്ചശേഷം കുടുംബത്തിനു നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും സ്വീകരിച്ചത്. കുടുംബത്തിലെ ആറുപേര്‍ക്ക് ഡിജിപിയെ കാണാന്‍ അവസരം നല്‍കിയെങ്കിലും അനുമതിയില്ലാതെ പുറത്തുനിന്നുള്ള ചിലര്‍ തള്ളിക്കയറാന്‍ നോക്കി. തോക്കുസ്വാമി, കെ.എം.ഷാജഹാന്‍, ഒരു എസ്യുസിഐ നേതാവ്, ബിജെപി പ്രാദേശിക നേതാവ് എന്നിങ്ങനെ കുറേപ്പേര്‍ ഉണ്ടായിരുന്നു. അവരെയാണ് തടഞ്ഞത്.
മഹിജയെ വലിച്ചിഴച്ചിട്ടില്ല. നീക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ താഴെ കിടന്നു. അപ്പോള്‍ പൊലീസ് കൈകൊടുത്ത്, പൊക്കിയെടുത്ത് ആശുപത്രിയിലേക്കു മാറ്റുകയാണ് ചെയ്തത്. മഹിജയെ ഡിജിപി ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്ണു മരിച്ചതിനു പിന്നാലെ 10 ലക്ഷം രൂപ നഷ്ടപരിഹാരം മന്ത്രി ടി.പി.രാമകൃഷ്ണന്‍ വീട്ടിലെത്തി കൈമാറി. ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങള്‍ സംശയകരമായിരുന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കുടുംബം ഇതുവരെ എതിര്‍ത്തു സംസാരിച്ചില്ല. ഫലപ്രദമായ അന്വേഷണമാണെന്നാണ് എല്ലാ ഘട്ടത്തിലും പറഞ്ഞത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണം എന്ന ആവശ്യം മൂന്നുദിവസത്തിനകം നടപ്പാക്കി. ഇനിയൊരു ജിഷ്ണു ഉണ്ടാകാന്‍ പാടില്ല എന്ന നിലപാടുകൊണ്ടാണ് ഇതെല്ലാം ചെയ്തത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കേസില്‍ ചില പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടി. ഒരു കേസില്‍ ജാമ്യം നേടിയയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കേസിലെ പ്രധാനി സഞ്ജിത് വിശ്വനാഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ ഒളിവിലാണ്. അവരെ കണ്ടുപിടിക്കാനുള്ള അന്വേഷണം നടക്കുന്നു. അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അപേക്ഷ കോടതിയുടെ മുന്നിലാണ്. തന്നെ വന്നുകണ്ടപ്പോള്‍ ജിഷ്ണുവിന്റെ അച്ഛനമ്മമാര്‍ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























