സഹോദരിയുടെ ആരോഗ്യ നില മോശമായി; അവിഷ്ണയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നും തങ്ങളെ കഴിഞ്ഞ ദിവസം നടുറോഡില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുംവരെയും സമരം തുടരുമെന്നും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ കുടുംബം മുഴുവന്‍ നിരാഹാര സമരത്തിലാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അവിടെ അവര്‍ നിരാഹാര സമരത്തിലാണ്. ആഹാരമോ വെള്ളമോ മരുന്നോ സ്വീകരിക്കാന്‍ മഹിജ തയാറാകുന്നില്ല. അതിനാല്‍ അവര്‍ അവശ നിലയിലാണ്. സഹോദരിയുടെ ആരോഗ്യ നിലയും മോശമായിരിക്കുകയാണ്. ഉടന്‍ തന്നെ സഹോദരിയെയും ആശുപത്രിയിലേക്ക് മാറ്റും.
വയറിലും നെഞ്ചിലും പരിക്കേറ്റ മഹിജ സ്ത്രീകളുടെ വാര്‍ഡിലാണ്. മഹിജയുടെ സഹോദരന്‍ ശ്രീജിത്ത് പതിനെട്ടാം വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. പൊലീസ് കഴുത്തിന് പിടിച്ച് തള്ളിയതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് പരിക്കേറ്റത്.ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയും ഉള്‍പ്പെടെ 15 പേര്‍ ആശുപത്രി വളപ്പില്‍ നിരാഹാര സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം ഡി.ജി.പി ഓഫീസിലേക്ക് സമരം നടത്താനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിലെ 14പേര്‍ കൂടാതെ കുറച്ചുപേര്‍ കൂടി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാര സമരത്തിലാണ്. ഏട്ടന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അമ്മയും അച്ഛനും സമരം കിടക്കുമ്പോള്‍ ഞാനെങ്ങനെ ഭക്ഷണം കഴിക്കുമെന്ന് ചോദിച്ചാണ് അവിഷ്ണ വീട്ടില്‍ നിരാഹാര സമരം തുടങ്ങിയത്.
ജിഷ്ണുവിന്റെ അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. അവരെ സ്ഥാനത്തുനിന്ന് മാറണം. സമരത്തില്‍ നിന്ന് പിന്നോട്ടില്ല. നീതിതേടി മരണം വരെ നിരാഹാര സമരം തുടരും. ആശുപത്രി വിട്ടാല്‍ ഡി.ജി.പി ഓഫീസിലേക്ക് വീണ്ടും പോകും. എവിടെ വച്ച് തടയുന്നുവോ അവിടെ സമരമിരിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ സമരം നടത്തും. നേരത്തെ വന്ന 14 പേര്‍ കൂടാതെ കുറച്ചുപേര്‍ കൂടി നാട്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
സമരം സര്‍ക്കാരിനെതിരല്ല, അന്വേഷണം വഴിതെറ്റിക്കുകയും പരാതി പറയാനെത്തിയപ്പോള്‍ അക്രമം നടത്തുകയും ചെയ്ത പൊലീസിന് എതിരെയാണ് സമരമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
ജിഷ്ണു വധക്കേസില്‍ കഴിഞ്ഞ മൂന്ന് മാസമായി പൊലീസ് ഉഴപ്പുകയാണ്. ജിഷ്ണുവിന്റേതെന്ന് പറഞ്ഞ് പൊലീസ് ഒരു വ്യാജ കത്ത് കാണിച്ചപ്പോള്‍ തുടങ്ങിയ സംശയമാണ് തങ്ങള്‍ക്ക്. അത് പൊലീസുമായി പങ്കുവച്ചപ്പോള്‍ നിഷേധ സമീപനമായിരുന്നു. അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ ജിഷ്ണു മര്‍ദ്ദനത്തിനിരയായെന്നും കൊല്ലപ്പെടാനുള്ള സാദ്ധ്യത നിലനിന്നു എന്നുമാണ്. അക്കാര്യത്തില്‍ വ്യക്തമായ ഉത്തരം കണ്ടെത്തേണ്ടതിന് പകരം പണക്കാരായ കോളേജ് അധികൃതരെ രക്ഷിക്കാനുള്ള ഉത്സാഹമാണ് പൊലീസ് കാണിച്ചതെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























