വാര്‍ഗെയിമുകളുടെ തോഴന്‍ ആത്മാവിനെ വേര്‍പെടുത്താനുള്ള അതീന്ദ്രിയജാലത്തിലേക്ക് എത്തിയതെങ്ങനെയെന്നത് ദുരൂഹം

കേഡല്‍ ജിന്‍സന്‍ എന്ന ക്രൂരയുവാവിന് സാത്താന്‍ സേവയുണ്ടെന്ന് ഇപ്പോഴും നന്തന്‍കോട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഉറ്റവരായ നാലു പേരെ കൂട്ടക്കൊലചെയ്ത കേഡല്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാന്‍ പൊലീസും തയ്യാറല്ല. അതുകൊണ്ട് തന്നെ കൊലയ്ക്ക് ശേഷം കേഡല്‍ മുങ്ങിയത് എങ്ങോട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചെന്നൈയിലെ ഹോട്ടലിലെ താമസം പൊലീസിന് ഉള്‍ക്കൊള്ളാനാകുന്നില്ല. മാനസികരോഗ വിദഗ്ധന്റെ സഹായത്തോടെ സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.
താന്‍ നടത്തിയത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന പരീക്ഷണ കൊലയാണെന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞു. ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണിതെന്നും കേഡല്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണു കേഡലിനെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ഒരു മനോരോഗ വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ മോഹന്‍ റോയിയെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതെന്തിന് എന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കേഡല്‍ പറയുന്നത്. ഇതാണ് മോഹന്‍ റോയിയേയും സംഘത്തിലുള്‍പ്പെടുത്താന്‍ കാരണം. മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള തന്റെ പരീക്ഷണമായിരുന്നു കൊലപാതകമെന്നും കൊലപ്പെടുത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താന്‍ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. ഇവരുടെ പ്രധാന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണു ആസ്ട്രല്‍ ബോഡി എന്നുപറയുന്നത്. മഹാ ഭൂരിഭാഗം ആളുകളിലും ആഷ്ട്രല്‍ ബോഡി ശരീരവുമായി വളരെ കൂടുതലായി ഒട്ടിച്ചേര്‍ന്നിരിക്കുന്നതുകൊണ്ടാണത്രെ മഹാഭൂരിപക്ഷം മനുഷ്യരും കൂടുതല്‍ ശരീരബോധമുള്ളവരായി കാണുന്നതത്രെ. സ്വയം അറിഞ്ഞുകൊണ്ട് നമ്മുടെ ഇഷ്ടപ്രകാരം ആഷ്ട്രല്‍ ബോഡിയെ ശരീരത്തില്‍നിന്നും ഉയര്‍ത്തുന്നതിനെയാണു ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. അതീന്ദ്രിയ സിദ്ധി ഉണര്‍ന്ന ഒരാള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ ആഷ്ട്രല്‍ ബോഡികൊണ്ട് കാഴ്ചകള്‍ കാണാന്‍ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മശരീരത്തേയും കൂടി കാണാന്‍ കഴിയുന്നതാണെന്നുമാണ് സാത്താന്‍ സേവക്കാരുടെ പക്ഷം.
കേഡല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുമ്പോള്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട പലതും അറിയാം. അതുകൊണ്ട് മാത്രമാണ് ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് മൊഴിയില്‍ പറയാന്‍ കഴിയുന്നത്. വിദ്യാസമ്പന്നരായ സാധാരണക്കാര്‍ക്കൊന്നും ഇതേ കുറിച്ച് ഒരു പിടിത്തവും ഇല്ല. എങ്ങനെയാണ് കേഡല്‍ സാത്താന്‍ സേവയിലേക്ക് എത്തിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങള്‍ പശ്ചാത്യലോകത്ത് ധാരളമുണ്ട്. ഇന്റര്‍നെറ്റിലും സജീവമായി ഈ കൂട്ടരുണ്ട്. കേരളത്തില്‍ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്ന സംഘങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അവരുടെ പ്രചോദനം കൊലയിലേക്ക് കേഡലിനെ നയിച്ചോ എന്നതും പരിശോധിക്കും. കൊല നടന്ന വീട്ടില്‍ നിന്ന് ഡമ്മിയും കണ്ടെടുത്തിരുന്നു. ഡമ്മിക്ക് കേഡലിന്റെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഇതും ആസ്ട്രല്‍ പ്രൊജക്ഷന്‍ വിജയത്തിന് വേണ്ടിയാണെന്നാണ് പൊലീസിനോട് കേഡല്‍ പറയുന്നത്.
ജീന്‍ പത്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇതോടൊപ്പം പാതി കത്തിയ നിലയിലുള്ള തുണിയില്‍ നിര്‍മ്മിച്ച മനുഷ്യരൂപത്തിന്റെ ഡമ്മിയും കണ്ടെത്തി. സംഭവത്തിനു ശേഷം ദന്പതികളുടെ മകനായ കേഡലിനെ കാണാതായിരുന്നു. മകന്‍ കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ലളിതയുടെ മൃതദേഹത്തിനു മൂന്നുദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ കേഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തിയിരുന്നു
കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകങ്ങള്‍ നടത്തിയത് ഒരേ ദിവസമാണെന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ആസൂത്രണം ചെയ്തത് എത്ര നാള്‍ മുമ്പാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. യുദ്ധരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്നതിലായിരുന്നു കേഡലിന് താല്‍പ്പര്യം. ഇത്തരത്തിലൊരു സാങ്കേതിക വിദഗ്ധന്‍ അതീന്ദ്രീയ ജാലത്തിലേക്ക് എങ്ങനെ വഴുതി വീണുവെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha

























