മാംസഗന്ധം വിട്ടുമാറാത്ത നിഗുഢതകൾ നിറഞ്ഞ ആ വീട്ടിലേക്ക്

നന്തന്‍കോട്ട് ജംഗ്ഷനില്‍ നിന്ന് ബെയ്ന്‍സ് കോമ്പൗണ്ടിന്റെ ബോര്‍ഡ് പിന്നിട്ട് അകത്തേക്ക് കടന്നാല്‍ ഇരുവശവും മതിലുകെട്ടിയടച്ച കൊട്ടാരം പോലുള്ള വീടുകള്‍. ടാര്‍ റോഡില്‍ മുന്നേറുന്തോറും നഗരത്തിരക്കില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്ന വിജനത. റോഡിലെ അടുത്തടുത്തായ രണ്ട് വളവുകള്‍ പിന്നിടുമ്പോള്‍ നിരത്തുവക്കിലുള്ള ഡോ. കുര്യന്‍ ഈപ്പന്‍ സ്മാരക കിന്റര്‍ ഗാര്‍ഡനും എല്‍.പി സ്‌കൂളിനും പിന്നില്‍ കാണുന്ന രണ്ട് നില വീട്ടിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ അരുംകൊലകള്‍ നടന്നത്.
മാതാപിതാക്കളെയും സഹോദരിയെയും വല്യമ്മയെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യമപുരിക്കയച്ച കേഡല്‍ ഇന്നലെ പൊലീസ് പിടിയിലായെങ്കിലും പൊരുളറിയാത്ത ദുരന്തത്തിന്റെ ഞെട്ടലിലാണ് വീടും പരിസരവും. ബെയിന്‍സ് കോമ്പൗണ്ടിലെ 117 ാം നമ്പര്‍ വീടിന്റെ പിന്‍വശത്തെ ഗേറ്റില്‍ ദുരന്തം ഓര്‍മ്മപ്പെടുത്തുംവിധം ഒരു കരിങ്കൊടി. അല്‍പ്പംകൂടി മുന്നോട്ട് നീങ്ങുമ്പോള്‍ ഇടത്തേക്കുള്ള ചെറിയറോഡില്‍ പൊലീസിന്റെ കാവല്‍. ഇരുവശവും മതിലുകെട്ടി ഗേറ്റിട്ട വഴിയിലൂടെ അകത്തേക്ക് കടന്നാലേ മാര്‍ത്താണ്ഡം നേശമണി കോളേജിലെ റിട്ട. ഹിസ്റ്ററി പ്രൊഫ. രാജ് തങ്കത്തിന്റെ വീട്ടിലെത്താനാകൂ. നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാത്തവിധം ഫൈബര്‍ ഷീറ്റിട്ട് മുകള്‍ വശം മറച്ച നടപ്പന്തലിന് മീതെ ചെടികളും വള്ളിപടര്‍പ്പുകളും മൂടിയിട്ടുണ്ട്. കാറ്റും വെളിച്ചവും കടക്കാതെ ഇരുട്ടടച്ചതുപോലുണ്ട്.
വീടിന്റെ ദര്‍ശനം മറച്ച് വളര്‍ന്ന് പന്തലിച്ച ജാതി മരം. അതിന് തൊട്ടുകീഴിലായി പ്ലാസ്റ്റിക് അരിപ്പ വലകൊണ്ട് വശങ്ങള്‍ മറച്ച കോഴിക്കൂട്. പോറ്റി വളര്‍ത്തിയവരുടെ വേര്‍പാടറിയാതെ കൂട്ടിനുള്ളില്‍ വിശന്നുകരയുന്ന കോഴികള്‍. വീടിന്റെ ടെറസിലും ഷേഡുകളിലുമായി നട്ട് വളര്‍ത്തിയ പച്ചക്കറികളും മുരിങ്ങയും വീട്ടിനുള്ളില്‍ മകന്‍ മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കുമൊരുക്കിയ ചിതയിലെ തീയും പുകയുമേറ്റ് വാടിക്കരിഞ്ഞു. വീട്ടിനുള്ളില്‍ നിന്നുയര്‍ന്ന തീയില്‍ പൊട്ടിച്ചിതറിയ ജനാലച്ചില്ലുകള്‍. കത്തിക്കരിഞ്ഞ തടികള്‍. അകത്തും പുറത്തുമായുള്ള ഗോവണിപ്പടികളില്‍ വെള്ളവും ചാരവുമായി കൂടിക്കുഴഞ്ഞ കരിക്കട്ടകള്‍. ചുറ്റിലുമുള്ള ബഹുനില കെട്ടിടങ്ങള്‍ക്ക് നടുവില്‍ ദുരന്തസ്മാരകമായി നിലകൊള്ളുന്ന വീട്ടിലും പരിസരത്തും കാറ്റിന് ഇപ്പോഴും ചീഞ്ഞതും പാതിവെന്തതുമായ മാംസത്തിന്റെ ഗന്ധം.

വീട്ടിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പൊലീസിന്റെ ക്രോസ് ബാര്‍. ഹൊറര്‍ ചിത്രങ്ങളിലും യക്ഷിക്കഥകളിലും കാണുംപോലെ കൂട്ടക്കൊലപാതകത്തിനുശേഷം ശരിക്കും ഒരു പ്രേതാലയത്തിന് സമാനമായ വീട്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകാതെ പരിസരവാസികളെല്ലാം വീടും പൂട്ടി ബന്ധുവീടുകളിലേക്ക് മാറി.

ഇതിനിടെ ദുരന്തമറിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്ന് ബന്ധുക്കളില്‍ ചിലരും വീട്ടിലേക്ക് എത്തുന്നുണ്ട്. വിവാഹത്തിനുശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്ത് ഭാര്യവീടിന് സമീപം താമസമാക്കിയ പ്രൊഫ. രാജ് തങ്കവും ഡോ. ജീന്‍ പദ്മയും അവര്‍ക്കെല്ലാം സുപരിചിതരാണെങ്കിലും ഇവരുടെ മകന്‍ കേഡല്‍ ജിന്‍സ് രാജിനെപ്പറ്റി പലര്‍ക്കും കേട്ടറിവുമാത്രം. ജന്‍മം നല്‍കി പോറ്റിവളര്‍ത്തി പഠിപ്പിച്ച് വലുതാക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും കൂടെപ്പിറപ്പിനെയും ഒപ്പം താമസിച്ച ബന്ധുവിനെയും അരുംകൊലചെയ്യാന്‍ ഈ യുവാവിനെ പ്രേരിപ്പിച്ച കാര്യമറിയാതെ പകച്ചുനിന്ന അവര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമാകുകയാണ് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്.
https://www.facebook.com/Malayalivartha

























