ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ

തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിക്ക് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ. ജയിച്ചുവെന്ന വിശ്വാസത്തിലാണ് പോകുന്നതെന്നും അവര്‍ പറഞ്ഞു. ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മഹിജ ആശുപത്രി വിടുമ്പോഴായിരുന്നു പ്രതികരണം. ചികില്‍സയിലായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും ആശുപത്രി വിട്ടു.
പെങ്ങള്‍ക്ക് വേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. ജിഷ്ണു മരിക്കുന്നതിന് മുന്‍പുള്ളതുപോലെ ചിരിക്കുന്ന ഒരു പെങ്ങളെ തിരിച്ചുകിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയെന്നതായിരുന്നു സമരത്തിന്റെ സ്വകാര്യ ആവശ്യങ്ങളില്‍ ഒന്ന്, അത് സാധിച്ചുവെന്നും അമ്മാവന്‍ ശ്രീജിത്ത് പ്രതികരിച്ചു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് കുടുംബം സമരത്തിനെത്തിയത്. എന്നാല്‍ ഡിജിപി ഓഫിസിനു മുന്നില്‍ ഇവരെ പൊലീസ് മര്‍ദിക്കുകയും നിലത്തുവലിച്ചിഴയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് മഹിജയും ശ്രീജിത്തും ആശുപത്രിയിലായത്.
അതേസമയം, ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ സമയം അനുവദിച്ചിട്ടുണ്ട്. 15നു രാവിലെ പത്തിനാണു കൂടിക്കാഴ്ച. ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ പകര്‍പ്പു ബന്ധുക്കള്‍ക്കു കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍, സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പല്ല മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു നല്‍കിയതെന്നു ജിഷ്ണുവിന്റെ ബന്ധുക്കള്‍ അറിയിച്ചു.
കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പാണ് നല്‍കിയത്. ഇതു തങ്ങള്‍ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ച വിവരവും മാധ്യമങ്ങളിലൂടെ മാത്രമേ അറിഞ്ഞിട്ടുള്ളൂ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു തങ്ങളെ വീണ്ടും വിഷമിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കാണുന്നത് എന്തിനാണെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ചോദിച്ചു.
https://www.facebook.com/Malayalivartha


























