നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്; പ്രതിയുടെ 'ആസ്ട്രല്‍ പ്രൊജക്ഷന്‍' മൊഴി പുകമറയെന്ന് പൊലീസ്

തന്നെ ഒറ്റപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെന്ന് പ്രതി കേഡല്‍ ജീന്‍സണ്‍ രാജ മൊഴി നല്‍കി. അവഗണനയില്‍ മനംമടുത്താണ് കൊലപാതകമെന്നും അതിനുശേഷം സ്വയം അത്മഹത്യയായിരുന്നു ലക്ഷ്യമെന്നും കേഡല്‍ മൊഴി നല്‍കി.
നാലുപേരെയും താനാണു കൊലപ്പെടുത്തിയതെന്നു കാഡല്‍ ജീന്‍സണ്‍ രാജ പൊലീസിനോടു ആദ്യ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണം പൊലീസ് വിശ്വസിച്ചിരുന്നില്ല. പരസ്പര വിരുദ്ധമായാണു പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത്. മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മാനസിക അവസ്ഥ സാധാരണ നിലയിലല്ലെന്നാണു പൊലീസ് നിഗമനം.

കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണു താന്‍ നടത്തിയതതെന്ന് ഒരിക്കല്‍ പറഞ്ഞു. എന്തിനാണു താന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നു പൊലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയില്‍ നിന്നു തിരികെ വന്നതെന്നു മറ്റൊരിക്കല്‍ പറഞ്ഞു.
ഇയാളുടെ ഉത്തരങ്ങളും ചോദ്യങ്ങളും അന്വേഷണ സംഘത്തെപ്പോലും ഒരുവേള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണ ഘട്ടത്തിലെത്തിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങളെന്നാണു കാഡലിന്റെ മൊഴി. പക്ഷേ, വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെയും മൊഴി ഇതിനു വിരുദ്ധമാണ്.

ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു.
https://www.facebook.com/Malayalivartha


























