പഠിക്കാന്‍ വിദേശത്തുവിട്ട മക്കള്‍ പഠിച്ചത് ചാത്തന്‍ സേവ

നന്തന്‍കോട് ജംങ്ഷനു സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീടിന് ഇപ്പോഴും മാംസം കരിയുന്ന മണമാണ്. വീടിന്റെ അടുത്തെത്താന്‍ പോലും ആളുകള്‍ ഭയക്കുന്നു. മുന്‍പും ഈ വീട് ഭയാനകമായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. രണ്ടു നിലകളിലായി കൊട്ടാര സദൃശ്യമായ വീട്ടില്‍ പക്ഷേ അയല്‍ക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എപ്പോഴും അടഞ്ഞുകിടക്കുന്ന ഗേറ്റ് സമീപവാസികളെയും ഈ വീട്ടില്‍നിന്നും അകറ്റി നിര്‍ത്തിയിരുന്നു. അഥവാ ആരെങ്കിലും വന്നാല്‍ തന്നെ പ്രവേശന മുറിയില്‍ അവസാനിക്കും അത്.
ആഭിചാര ക്രിയകളോട് വല്ലാത്ത അഭിനിവേശമാണ് കേഡര്‍ ജിന്‍സണ്‍ പീറ്ററിന് എന്നാണ് ചോദ്യംചെയ്യലില്‍ നിന്നും വ്യക്തമാകുന്നത്. ആത്മാവിനെയും ശരീരത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിനെ കുറിച്ചായിരുന്നു കേഡറിന്റെ എപ്പോഴത്തെയും ചിന്ത. സാത്താന്‍ സേവകളെക്കുറിച്ച് കേഡര്‍ അറിയുന്നത് ഓസ്ട്രേലിയയിലെ ജീവിതത്തില്‍ നിന്നാണ്. അവിടെ സാത്താന്‍ സേവകരുടെ വര്‍ഷിപ്പില്‍ കേഡര്‍ പങ്കാളിയായിരുന്നു. തിരിച്ചെത്തിയ കേഡര്‍ തന്റെ വിശ്വാസത്തിലേക്ക് വീട്ടുകാരെയും എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.
എന്നാല്‍ പ്രൊഫസര്‍ രാജ് തങ്കവും ഭാര്യ ഡോ. ജിന്‍ പദ്മയും ഇതിനു വഴങ്ങിയില്ല. തന്നെയുമല്ല, മകന്റെ വഴിവിട്ട പോക്കില്‍ ജീന്‍ ദുഃഖവതിയുമായിരുന്നു. എന്നാല്‍ കൗമാരപ്രായക്കാരിയായ സഹോദരി കരോളിനെ തന്റെ വിശ്വാസങ്ങള്‍ പറഞ്ഞു പഠിപ്പിക്കാന്‍ എളുപ്പമായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും കരോളിന്‍ പിന്നീട് സാത്താന്‍ സേവയെക്കുറിച്ചും ആഭിചാരത്തെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങളില്‍ കേഡറിനെ സഹായിച്ചു. ജീവിതത്തെ എല്ലാത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇവര്‍ക്കിടയില്‍ സഹോദര - സഹോദരി ബന്ധങ്ങള്‍ ഇല്ലായിരുന്നു എന്നും സ്ത്രീയും പുരുഷനുമാണ് തങ്ങളെന്നും കേഡല്‍ പോലീസിനോട് പറഞ്ഞു. ജീവിതത്തിന് നിയന്ത്രണങ്ങള്‍ ദൈവവും മതവും നിയമവുമാണ്. അതില്ലാത്ത ലോകമാണ് സൈത്താനിക് വെള്‍ഡ് എന്നും ഇയാള്‍ പറയുന്നു.
പോലീസ് ചോദ്യം ചെയ്യലിലും, 4 കൊലക്ക് ശേഷവും കേഡല്‍ തന്റെ വിചിത്ര വിശ്വാസത്തില്‍ മാറ്റം വരുത്തിയിട്ടില്ല. പലപ്പോഴും ഇതേക്കുറിച്ച് ചോദ്യം ചെയ്യുന്നവര്‍ക്ക് ക്ലാസെടുത്തു കൊടുക്കുന്ന രീതിയിലായിരുന്നു. ചൈനയില്‍ എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ കരോളിന്‍ ആത്മാവിനെക്കുറിച്ചുള്ള പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സാത്താന്‍ സേവകര്‍ ഏറെയുള്ള രാജ്യമാണ് ചൈന. കരോളിന്‍ ഇവിടെ ഇവരുടെ വര്‍ഷിപ്പുകളില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇടക്കിടെ നാട്ടിലെത്തുന്ന കരോളിന്‍ കേഡനുമായി ചേര്‍ന്ന് സാത്താന്‍ വര്‍ഷിപ്പ് നടത്തിയിരുന്നു. ആദ്യമൊക്കെ ഇതിനെ എതിര്‍ത്ത പ്രൊഫസറും ഡോക്ടറും പിന്നീട് ഇതിനെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നുവത്രേ.
ഏതൊരു വിഷയത്തെക്കുറിച്ചും മടികൂടാതെ സംസാരിക്കാന്‍ കേഡറിനു സാധിക്കും. ഈ വാക്ചാതുരി തന്നെയാണ് രക്ഷിതാക്കളെയും സാത്താന സേവയിലേക്ക് ആകര്‍ഷിച്ചതെന്നാണ് സൂചന. ആസ്ട്രല്‍ പ്രൊജക്ഷനിലൂടെ തങ്ങളുടെ ആത്മാക്കളെ മറ്റാരുടെയും ശല്യമില്ലാത്ത ഒരു ലോകത്തേക്ക് എത്തിക്കാമെന്നായിരുന്നു കേഡറിന്റെ ഉറപ്പ്. കേഡറിന്റെ കഴിവുകളില്‍ കുടുംബത്തിനു നല്ല വിശ്വാസമായിരുന്നു. ചെറുപ്പകാലം മുതല്‍ കേഡറും പ്രൊഫസറും സുഹൃത്തുക്കളെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. പല വിധത്തിലുള്ള കണ്ടുപിടുത്തങ്ങളും കേഡര്‍ മുന്‍പ് നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മകനെ പൂര്‍ണമായി വിശ്വസിച്ച പ്രൊഫസറും കുടുംബവും ഒടുക്കം മരണത്തിനു നിന്നുകൊടുക്കുകയായിരുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രിയിലാണ് മൂവരെയും കേഡര്‍ കൊന്നത്. ഓരോരുത്തരെയായി കൊലപ്പെടുത്തി ആത്മാവിനെ ആവാഹിക്കുകയായിരുന്നു. ഈ സമയത്ത് തന്റെ ഉള്ളില്‍ വലിയൊരു ശക്തിയുണ്ടായിരുന്നുവെന്നും കേഡര്‍ പറയുന്നുണ്ട്. ആദ്യം കൊന്നത് അമ്മയെ ആണത്രേ. പെങ്ങളെ അവസാനമാണ് കൊന്നത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. കേഡറിന്റെ വീട്ടിനുള്ളില്‍ സാത്താന്‍ സേവകരുടെ ആരാധന നടന്നിരുന്നുവൊ എന്ന അന്വേഷണവും നടക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ വീട്ടില്‍നിന്നും വെളിച്ചവും പുകയും ഉയരുന്നത് കണ്ടതായി സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദര്‍ക്ക് ഇവിടെ ആഭിചാര കര്‍മങ്ങള്‍ നടന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























