കോട്ടയത്ത് ദമ്പതിമാരെ കാണാതായ സംഭവം: അഗ്‌നി രക്ഷാസേന ആറ്റില്‍ തിരച്ചില്‍ നടത്തി

അറുപറയിലെ ദമ്പതിമാരെ കാണാതായസംഭവത്തില്‍ പാണംപടി പള്ളിക്ക് സമീപമുള്ള ആറ്റില്‍ അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തി.ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവരെ തേടിയാണ് തിരച്ചില്‍ നടത്തിയത്. ഒരാഴ്ച മുന്പാണ് ഇവരെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പാണംപടിപള്ളിക്ക് സമീപം മീന്‍പിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ ആറ്റില്‍ എണ്ണയുടെ അംശം കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
മീന്‍ പിടിക്കാനായി വലയിട്ടപ്പോള്‍ വലയില്‍ എന്തോഉടക്കിയെന്നും ഇവര്‍ പോലീസിനോടുപറഞ്ഞു. കുമരകം എസ്.ഐ. ജി.രജന്‍കുമാറിന്റെ നേതൃത്വത്തിലുള്ളസംഘം സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും മത്സ്യതൊഴിലാളികളും രണ്ടുമണിക്കൂറിലധികം ആറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നുംകണ്ടെത്താനായില്ല. കോട്ടയം ഡിവൈ.എസ്.പി. ഗിരീഷ് സാരഥി, ഈസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
കെ.എല്‍. 5 എ.ജെ. 7183 രജിസ്റ്റര്‍ നമ്പറുള്ള ഗ്രേ നിറമുള്ള മാരുതി വാഗണ്‍ആര്‍ കാറിലാണ് ഇവര്‍ യാത്രപുറപ്പെട്ടത്. മൊബൈല്‍ഫോണും പഴ്സും വീട്ടില്‍വച്ചശേഷമായിരുന്നു യാത്ര.അതിനാല്‍ ആവഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.എങ്കിലും ഇവര്‍ എവിടെയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
തിരുവാതുക്കലിനടുത്ത് മാണിക്കുന്നത്ത് ഒരു വീട്ടിലെ സി.സി.ടി.വി.യിലാണ് കാര്‍ സഞ്ചരിക്കുന്ന ദൃശ്യമുള്ളത്. ഇവിടെനിന്ന് കാരാപ്പുഴ വഴി കോട്ടയത്തേക്കുള്ള വഴിയിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വൈകും. വ്യാഴാഴ്ച രാവിലെ അന്വേഷണസംഘം വിവരങ്ങള്‍ വിലയിരുത്തി. ബന്ധുക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























