നന്തന്‍കോട് കൂട്ടക്കൊല; കേഡല്‍ ജിന്‍സണ്‍ രാജയുമായി തെളിവെടുപ്പിന് പൊലീസ് നാളെ ചെന്നൈയ്ക്ക് പോകും

നന്തന്‍കോട്ട് വീട്ടിനുള്ളില്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുമായി തെളിവെടുപ്പിന് പൊലീസ് നാളെ ചെന്നൈയിലേക്ക് പോകും. സംഭവത്തിനുശേഷം ചെന്നൈയ്ക്ക് രക്ഷപ്പെട്ട ഇയാള്‍ റൂമെടുത്ത ഹോട്ടലില്‍ കൊണ്ടുപോയി തെളിവുകള്‍ ശേഖരിക്കാനായാണിത്. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുന്നതിനൊപ്പം റൂമെടുക്കാനായി നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍, റൂമിനുള്ളില്‍ ഇയാള്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍, ബാഗ് തുടങ്ങിയവ കണ്ടെടുക്കാന്‍ കൂടിയാണ് ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇയാളെ കൃത്യം നടന്ന നന്തന്‍കോട്ടെ വീട്ടിലും നഗരത്തിലെ പെട്രോള്‍ പമ്പിലും യാത്രയ്ക്കായി ബാഗ് വാങ്ങിയ കടയിലും പുതിയ ഡ്രസുകള്‍ വാങ്ങിയ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം , മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ കവടിയാറിലെ പമ്പ് എന്നിവിടങ്ങളിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹങ്ങള്‍ ചുട്ടെരിക്കാനായി കേഡല്‍ പെട്രോള്‍ വാങ്ങിയ പമ്പിലെ ജീവനക്കാരും പമ്പിലേക്ക് പോകാനായി വിളിച്ച ഓട്ടോെ്രെഡവറും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ പമ്പില്‍ നിന്നു കേഡല്‍ സ്ഥിരമായി പെട്രോള്‍ വാങ്ങിക്കാറുണ്ടെന്ന് ജീവനക്കാരന്‍ പൊലീസിനോടു പറഞ്ഞു.
ഏപ്രില്‍ ആറിനു വൈകിട്ട് നാലു മണിക്കു ശേഷമാണ് കേഡല്‍ ഇവിടെ അവസാനമായി പെട്രോള്‍ വാങ്ങാനെത്തിയത്. പത്ത് ലിറ്റര്‍ വീതമുള്ള രണ്ടു കന്നാസുകളിലാണ് കേഡല്‍ അന്നു പെട്രോള്‍ വാങ്ങിയത്. ടൂര്‍ പോകാനായി കാറില്‍ ഒഴിക്കാനാണെന്നാണ് പറഞ്ഞത്. ഇത് കൂടാതെ ഇയാള്‍ക്ക് വീട്ടില്‍ ആഹാരം പാഴ്‌സലായി എത്തിച്ച നഗരത്തിലെ ഒരു റസ്‌റ്റോറന്റ് ജീവനക്കാരും കേഡലിനെ തിരിച്ചറിഞ്ഞു. മാതാപിതാക്കളെയും സഹോദരിയെയും അരുംകൊല നടത്തിയശേഷം ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവ പാഴ്‌സലായി എത്തിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് മുന്നിലെത്തിച്ചാണ് തെളിവെടുപ്പിന് വിധേയനാക്കിയത്.
കൊലപാതകത്തിനുപയോഗിച്ച മഴുവടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മാതാപിതാക്കളെ ആഹാരത്തില്‍വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താനായി വാങ്ങിയ വിഷക്കുപ്പിയും പൊലീസിന് ഇവിടെ നിന്നു ലഭിച്ചു. ശരീരത്തില്‍നിന്ന് ആത്മാവ് പുറത്ത് പോകുന്നത് കാണാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു കേഡല്‍ ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ചിത്തഭ്രമമുള്ളയാളെപ്പോലെ കേഡല്‍ പൊലീസിന് മുന്നില്‍ അഭിനയിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ദന്റെ സഹായത്തോടെ മണിക്കൂറുകളെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലും നിരീക്ഷണത്തിലും ഇയാളുടെ കള്ളത്തരങ്ങള്‍ പൊളിയുകയായിരുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളും തന്നെ അവഗണിക്കുന്നതിന്റെ പ്രതികാരമാണ് കൊലപാതകങ്ങളെന്നാണ് ഇയാള്‍ പിന്നീട് അന്വേഷണ സംഘത്തോട് സമ്മതിച്ചത്.
https://www.facebook.com/Malayalivartha


























