ഈസ്റ്ററിന്‍റേത് സ്നേഹത്തിന്‍റെയും ജീവന്‍റെയും അന്തിമവിജയം: കെസിബിസി

കൊച്ചി: പാപവും മരണവുമല്ല സ്നേഹവും ജീവനുമാണ് അന്തിമവിജയം നേടുന്നതെന്നാണ് ഉയിർപ്പുതിരുനാൾ അനുസ്മരിപ്പിക്കുന്നതെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. അനന്തസ്നേഹത്തിന്‍റെ പ്രതീകമായ ക്രിസ്തു തന്‍റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതീക്ഷയുടെയും നവ്യമായ സന്തോഷമാണു ലോകത്തിനു നല്കുന്നത്.
ജീവൻ സംരക്ഷിക്കാനും പ്രകൃതിയോടും എല്ലാ സഹജീവികളോടും ആദരവോടെ പെരുമാറാനുമുള്ള കർത്തവ്യത്തെ ഈസ്റ്റർ അനുസ്മരിപ്പിക്കുന്നു.

സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവയ്ക്കാനും വളർത്താനും ഉയിർപ്പു തിരുനാളിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നു കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശത്തിൽ ആശംസിച്ചു.
https://www.facebook.com/Malayalivartha


























