പാറ്റൂര്‍ ഭൂമിക്കേസ്; മൂന്ന് ഫയലുകള്‍ പിടിച്ചെടുക്കാനുണ്ടെന്ന് വിജിലന്‍സ്

പാറ്റൂരിലെ സ്വിവറേജ് പൈപ്പ് ലൈന്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ മാറ്റി സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ഭൂമി നഷ്ടമാക്കിയെന്ന കേസില്‍ പ്രധാനപ്പെട്ട മൂന്ന് ഫയലുകള്‍ പിടിച്ചെടുക്കാനുണ്ടെന്നും ആരോപണവിധേയരെ ഇതിന് ശേഷം ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഉള്‍പ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ കേസിലുള്‍പ്പെട്ട മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി ജി.എല്‍. അജിത്കുമാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്.
റവന്യൂ, ജലവിഭവ വകുപ്പുകളും വാട്ടര്‍ അതോറിട്ടിയുമാണ് പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ, ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. രേഖകള്‍ ലോകായുക്തയില്‍ നല്‍കിയെന്നും തിരിച്ചുകിട്ടിയാല്‍ ഹാജരാക്കാമെന്നും ഇവര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതു ലഭിച്ചാലേ അന്വേഷണം പൂര്‍ണതോതില്‍ നടത്താന്‍ കഴിയൂ.
പാറ്റൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന അടിസ്ഥാന രേഖ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വഞ്ചിയൂര്‍ വില്ലേജ് ഓഫീസിലെ രേഖകളില്‍ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് രജിസ്‌ട്രേഷന്‍ ഐ.ജി റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. 1965ന് മുമ്പാണ് പാറ്റൂരിലെ ഭൂമിയില്‍ സ്വിവറേജ് പൈപ്പ് സ്ഥാപിച്ചത്. അക്കാലത്ത് ഭൂമി സര്‍ക്കാരിന്റേതായിരുന്നെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























