പിണറായി സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫിനുള്ളിലും കയ്യടി; പ്രതിഷേധത്തിന് ഒരുങ്ങിയിരുന്ന പ്രതിപക്ഷം വെട്ടിലായി

യുഡിഎഫിന്റെ മദ്യനയത്തെ തള്ളി മദ്യവ്യവസായത്തിന് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ മദ്യനയം പുറത്തുവന്നതോടെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കാനും കള്ള് വ്യവസായത്തെ സംരക്ഷിക്കാനും അടക്കം വ്യവസ്ഥകളുമായി മദ്യനിരോധനം ഒഴിവാക്കിയുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിന് യുഡിഎഫിന് ഉള്ളിലും പിന്തുണ കിട്ടുന്നതാണ് പ്രതിപക്ഷത്തെ വെട്ടിലാക്കിയത്.
ഇടത് മദ്യനയത്തെ ഏത് വിധേനയും പ്രതിരോധിക്കാന്‍ പ്രതിഷേധത്തിന് കോപ്പുകൂട്ടി ഒരുങ്ങിയിരുന്ന യുഡിഎഫിനെ ഞെട്ടിച്ച് ഐഎന്‍ടിയുസിയും ആര്‍എസ്പിയുടെ ഷിബു ബേബി ജോണും ഇടത് മദ്യനയത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ തൊഴിലാളി പ്രസ്ഥാനം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മദ്യനയത്തെ തൊഴിലാളികള്‍ക്ക് അനുകൂലമായ നയമെന്നാണ് വിശേഷിപ്പിച്ചത്. എല്‍ഡിഎഫിന്റെ നയം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
യുഡിഎഫ് മദ്യനയത്തെ നിശിതമായി വിമര്‍ശിച്ചാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ഇടത് മദ്യനയത്തെ പിന്തുണച്ചത്. ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 'ബാര്‍ പൂട്ടല്‍'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിതെിരെ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് ഇന്ന് യോഗം ചേരാനിരിക്കെയാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഇടത് മദ്യനയത്തിന് പിന്തുണ കിട്ടുന്നത്. പുതിയ മദ്യനയത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നിരിക്കെ മുന്നണിയിലെ ഭിന്നസ്വരങ്ങള്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഐഎന്‍ടിയുസി നിലപാട്.
https://www.facebook.com/Malayalivartha
























