ജനങ്ങളുടെ ഉപജീവനമാര്‍ഗത്തില്‍ കൈകടത്തി;പുതിയ കേന്ദ്ര വിജ്ഞാപനം

പുതിയ കേന്ദ്ര വിജ്ഞാപനത്തില്‍ അക്വേറിയം നടത്തിപ്പുംകാരും അലങ്കാര മത്സ്യവില്‍പ്പനക്കാരും അവതാളത്തിലായിരിക്കുകയാണ്. അലങ്കാര മത്സ്യങ്ങളെ പിടിക്കുന്നതിനും വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മത്സ്യത്തൊഴിലാളികളും അലങ്കാര മത്സ്യവില്‍പ്പനക്കാരും രംഗത്തെത്തി. അലങ്കാര മത്സ്യങ്ങളെ പിടിച്ച് വില്‍ക്കുന്ന നിരവധി പേരുടെ ഉപജീവനമാര്‍ഗം ഇതോടുകൂടി ഇല്ലാതാകുമെന്നാണ് ആശങ്ക.
അക്വേറിയങ്ങളും അലങ്കാര മത്സ്യ വിപണനശാലകളും മുഴുവന്‍സമയ വെറ്ററിനറി ഡോക്ടറെയോ മത്സ്യങ്ങളെക്കുറിച്ചറിയുന്ന വിദഗ്ധനെയോ നിയമിക്കണമെന്നാണ് കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നത്. അയാള്‍ക്ക് സഹായിയെയും നിയമിക്കണം. രണ്ടാം ഷെഡ്യൂളില്‍ പെടുത്തിയ മത്സ്യങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന മൂലം ഏറെ വിറ്റഴിക്കപ്പെടുന്ന എയ്ഞ്ചല്‍ മത്സ്യം, ബട്ടര്‍ഫ്‌ലൈ മത്സ്യം തുടങ്ങിയവയെ പോലും വില്‍ക്കാനാകാത്ത അവസ്ഥ വരുമെന്നാണ് അലങ്കാര മത്സ്യ വില്‍പ്പനക്കാര്‍ പറയുന്നത്. സ്ഫടികഭരണികളില്‍ ഒറ്റ മത്സ്യത്തെ വില്‍ക്കുന്ന രീതി വ്യാപകമാണ്. ഇതും നിരോധിച്ചു.
മത്സ്യപ്രദര്‍ശനങ്ങള്‍ നടത്താനാകില്ല. അക്വേറിയങ്ങളില്‍ മത്സ്യങ്ങള്‍ക്കൊപ്പം മറ്റ് വളര്‍ത്തുമൃഗങ്ങളെയോ പക്ഷികളെയോ പരിപാലിക്കരുതെന്നും വില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ചുരുക്കത്തില്‍ ഇത് അക്വേറിയം നടത്തിപ്പും അലങ്കാര മത്സ്യവില്‍പ്പനയും ഉപജീവനമാര്‍ഗം നഷ്ട്ടപ്പെടും എന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി. പവിഴപ്പുറ്റുകളില്‍ നിന്ന് അലങ്കാര മത്സ്യങ്ങളെ കൂടുകളുപയോഗിച്ച് പിടിക്കുന്നതും നിരോധിച്ചു. കടല്‍, കായല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ അലങ്കാര മത്സ്യങ്ങള്‍ പിടിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























