പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: ക്രമാതീതമായി വര്‍ധിച്ചു വരുന്ന പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉടന്‍ തുടങ്ങാന്‍ തീരുമാനമായി. പനി നിയന്ത്രണത്തിനും ആശുപത്രിയും പരിസരവും കൂടുതല്‍ വൃത്തിയാക്കാനുമായി സൂപ്രണ്ട് ഓഫീസില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഒ.പി. ബ്ലോക്കില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രാവിലെ 7 മണി മുതല്‍ രാത്രി 7 മണിവരെ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ബാക്കി സമയം ഫോണ്‍ നമ്പര്‍ വഴി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിക്കും.
ആശുപത്രിക്ക് ചുറ്റുപാടുമുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി രണ്ട് പുരുഷ ജീവനക്കാരെ ഉടന്‍ നിയമിക്കും. അടിയന്തിരമായി നഴ്‌സിംഗ് അസിസ്റ്റന്റിന്റെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. ക്ലിപ് ലാബിലേക്കും ബ്ലഡ് ബാങ്കിലേക്കും കുറവുള്ള ജീവനക്കാരെ എടുക്കാനുള്ള തീരുമാനം ആശുപത്രി വികസന സമിതിക്ക് വിട്ടു.
ആശുപത്രി പരിസരത്ത് വിവിധ സംഘടനകള്‍ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ നിന്നുണ്ടാകുന്ന ആഹാരാവശിഷ്ടങ്ങള്‍, ഇല, പേപ്പര്‍, രോഗികളും കൂട്ടിരുപ്പുകാരും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ എന്നിവയാണ് ആശുപത്രിയില്‍ ഇത്രയേറെ മാലിന്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ആശുപത്രി പരിസരത്ത് നിന്നും ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ കവറുകളില്‍ ശേഖരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ പെട്ടി ഓട്ടോയില്‍ കൊണ്ട് പോയി സംസ്‌കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആശുപത്രി മാലിന്യങ്ങള്‍ വര്‍ധിച്ച സാഹചര്യം പരിഗണിച്ച് ഈ മാലിന്യ ശേഖരണം ഒരു മാസത്തേക്ക് ദിവസേനയാക്കും.
എസ്.എ.ടി. ആശുപത്രി പരിസരത്തുള്ള ഇന്‍സിനറേറ്റര്‍ (മാലിന്യ സംസ്‌കരണ യന്ത്രം) വഴിയാണ് ചെറിയ പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, റബ്ബര്‍ നിര്‍മ്മിത വസ്തുക്കള്‍ എന്നിവ ഐ.എം.എ.യുടെ കീഴിലുള്ള ഇമേജിന്റെ പാലക്കാട്ടുള്ള പ്ലാന്റില്‍ ദിവസേന കൊണ്ടുപോയാണ് സംസ്‌കരിക്കുന്നത്. അടുത്തിടെ ഇന്‍സിനറേറ്ററിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെ പകരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി.
https://www.facebook.com/Malayalivartha


























