ആറാം ക്ലാസുകാരനെ ലഹരിമരുന്നു നല്‍കി കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമം; ലഹരിമരുന്നു ഉള്ളില്‍ ചെന്ന് കുട്ടി അബോധാവസ്ഥയില്‍

പനച്ചിക്കാട്ട് ആറാം ക്ലാസുകാരനെ ലഹരിമരുന്നു നല്‍കി കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമം. ലഹരിമരുന്നു കഴിച്ചു അബോധാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ സുഹൃത്തിന്റെ പിതാവ് പരുത്തുംപാറ വെള്ളുത്തുരുത്തി സ്വദേശി അനില്‍കുമാര്‍ ഒളിവില്‍ പോയി.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം ഉണ്ടായത്. അനില്‍കുമാറിന്റെ ക്ഷണത്തെത്തുടര്‍ന്നു മകന്റെ കൂട്ടുകാരായ രണ്ടു കുട്ടികള്‍ അയാളുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ജ്യൂസും ഗുളികകളും നല്‍കി. ഒപ്പമുണ്ടായിരുന്ന കുട്ടി ഗുളിക കഴിക്കാന്‍ തയ്യാറായില്ല.
വിസമ്മതിച്ച കുട്ടിയെ അസഭ്യം പറഞ്ഞ് അനില്‍കുമാര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഇതുകണ്ടു പേടിച്ച ആറാം ക്ലാസുകാരന്‍ ഗുളിക കഴിക്കുകയായിരുന്നു. തലകറങ്ങി മുറിക്കുള്ളില്‍ കുട്ടി വീണതോടെ അനില്‍കുമാര്‍ വീട് പൂട്ടി പുറത്തുപോയി.
വൈകിട്ടു നാലിനു കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീടിനുമുന്നില്‍ കൊണ്ടുവിട്ടു. ഈസമയം കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. വായില്‍നിന്നു നുരയും പതയും വന്നു വീട്ടുമുറ്റത്തു കിടന്ന കുട്ടിയെ അയല്‍വാസികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയുടെ പിതാവ് ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.
സംഭവ ദിവസം രാത്രി വാകത്താനം പാതിയപ്പള്ളിക്കടവിനു സമീപം ആള്‍ താമസമില്ലാത്ത വീട് അനില്‍കുമാറും മൂന്നംഗസംഘവും ചേര്‍ന്നു കുത്തിതുറന്നതായി പോലീസ് അറിയിച്ചു. ശബ്ദംകേട്ട് അയല്‍വാസികളെത്തിയപ്പോഴേക്കും അനില്‍കുമാര്‍ ഓടി രക്ഷപെട്ടു.
ഇതിനിടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്‌തോടെയാണു വീര്യം കൂടിയ മയക്കുഗുളിക ഉപയോഗിച്ചു പലരെയും സംഘത്തിലേക്കു ചേര്‍ത്തതായി വിവരം ലഭിച്ചത്. മഞ്ഞനിറത്തിലുള്ള മയക്കുമരുന്ന് ഗുളികകള്‍ നല്‍കിയാണ് 17 വയസുകാരനെയും ഒപ്പം ചേര്‍ത്തത്. ഒപ്പം കൂട്ടുന്ന കുട്ടികളെ ഉപയോഗിച്ചാണു പ്രതി കഞ്ചാവു കച്ചടവം നടത്തിയിരുന്നത്. പത്തിലേറെ കേസുകളില്‍ പ്രതിയാണ് അനില്‍കുമാറെന്ന് ചിങ്ങവനം എസ്.ഐ പറഞ്ഞു.
ചികിത്സയില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ലഹരിമരുന്നാണോയെന്ന് ഉറപ്പാക്കാന്‍ കുട്ടിയുടെ വയറ്റിലെ ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരിശോധനാഫലം പുറത്തുവന്നതിനുശേഷം ഇയാള്‍ക്കെതിരേ കൂടുതല്‍ വകുപ്പു ചുമത്തുമെന്നും നിലവില്‍ മോഷണകുറ്റമാണു ചുമത്തിയിരിക്കുന്നതെന്നും എസ്.ഐ. അറിയിച്ചു.
https://www.facebook.com/Malayalivartha


























