മഞ്ചേശ്വരത്ത് കള്ളവോട്ട്; കെ. സുരേന്ദ്രന്‍ പരാതിപ്പെട്ട മൂന്ന് പരേതര്‍ ജീവനോടെ സമന്‍സ് കൈപ്പറ്റി

മഞ്ചേശ്വരത്ത് കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച അഞ്ച് പരേതരില്‍ മൂന്ന് പേരും ജീവനോടെ സമന്‍സ് കൈപ്പറ്റി. തെരഞ്ഞെടുപ്പ്ദിവസം വിദേശത്തായിരുന്നെന്ന് ആരോപിച്ച ചിലര്‍ ഇതുവരെ സ്വദേശം വിട്ടു പുറത്ത് പോയിട്ടില്ല. സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ നേതാവുമുണ്ട്.
ഇത് മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുല്ല. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി സമന്‍സയച്ച അഞ്ചിലൊരാള്‍. അബ്ദുല്ലയെകൂടാതെ വോര്‍ക്കാടി സ്വദേശി അഹ്മദ് കുഞ്ഞി, ഇച്ചിലംപാടി സ്വദേശി ആയിശ, എന്നിവര്‍ക്കാണ് ഇതുപൊലെ സമന്‍സെത്തിയിരിക്കുന്നത്.
ഈ ലിസ്റ്റില്‍ ആയിശയുടെ പേര് രണ്ടിടത്ത് കാണാം. ബാംഗ്രമഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തെരഞ്ഞെടുപ്പിന് മുമ്പേ മരിച്ചതാണ്, വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ലിസ്റ്റിലുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്താണെന്ന് സുരേന്ദ്രന്‍ പറയുന്ന ബാക്രബയലിലെ അനസും ഉപ്പളയിലെ അബ്ദുറഹ്മാനും ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു.
വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നവരില്‍ ന്യൂനപക്ഷ മോര്‍ച്ചാ ഭാരവാഹിയായിരുന്ന അഷ്‌റഫുമുണ്ട്. മഞ്ചേശ്വര്ത്ത് 259 കള്ള വോട്ട് നടന്നെന്നും ഇതില്‍ 197 വോട്ട് വിദേശത്തായിരുന്നവരുടേതാണെന്നുമാണ് സുരേന്ദ്രന്റെ വാദം. പരിശോധിച്ച 26 ല്‍ 20 പേരും തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബാക്കിയുള്ളവരുടെ പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha


























