ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേരള തീരക്കടലില്‍ ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധനം. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഈ കാലയളവില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലില്‍ ട്രോളിങ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത്.
പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അനുവദനീയമാണ്. മറ്റു ജില്ലകളില്‍നിന്നോ ഇതര സംസ്ഥാനത്തുനിന്നോ ജില്ലയുടെ തീരക്കടലില്‍ യാനങ്ങള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ 14ന് അര്‍ധരാത്രിക്ക് മുമ്പ് തീരം വിടണം. അല്ലാത്തപക്ഷം നിരോധന കാലയളവ് കഴിഞ്ഞേ അവയെ വിട്ടുപോകാന്‍ അനുവദിക്കുകയുള്ളൂ.
അതേസമയം, വറുതിയിലാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ട്രോളിംഗിന് ഇടയില്‍ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ഇന്നു മുതല്‍ കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കല്‍ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും അധികൃതര്‍ ചുമതലപ്പെടുത്തി കഴിഞ്ഞു.
ട്രോളിംഗ് നിരോധനം കണക്കുകൂട്ടി മിക്ക ബോട്ടുകളും കരയ്‌ക്കെത്തിയതോടെ ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചു മാറ്റി തുടങ്ങി. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള തിരക്കിലാണ് മല്‍സ്യബന്ധന തുറമുഖത്തെല്ലാം.
കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.
https://www.facebook.com/Malayalivartha


























