ഭര്‍ത്താവ് ഓടിച്ച സ്‌കൂള്‍ ബസ്സില്‍ നിന്ന് തെറിച്ചുവീണ് ഭാര്യ മരിച്ചു, അപകടം നടന്നത് കുട്ടികളുമായി മടങ്ങുമ്പോള്‍, ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭര്‍ത്താവ് ആശുപത്രിയില്‍

സൂര്യനെല്ലിയില്‍ ഭര്‍ത്താവ് ഓടിച്ച സ്‌കൂള്‍ ബസ്സില്‍നിന്നു തെറിച്ചുവീണ ഭാര്യ വാഹനത്തിന്റെ പിന്‍ചക്രം കയറി മരിച്ചു. സംഭവത്തെ തുടര്‍ന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂര്യനെല്ലി കുത്തുങ്കല്‍ത്തേരി മാതാ ഹൗസില്‍ മോളി അലക്‌സാ(43)ണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിന്നക്കനാലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കരാറടിസ്ഥാനത്തില്‍ മോളിയുടെയും ഭര്‍ത്താവ് അലക്‌സിന്റെയും മിനിബസാണ് ഓടിയിരുന്നത്.
അലക്‌സ് വാഹനമോടിക്കുമ്പോള്‍ ആയയായി മോളി ഒപ്പം പോകുമായിരുന്നു. ഇന്നലെ വൈകിട്ടു സ്‌കൂള്‍ വിദ്യാര്‍ഥികളുമായി തിരിച്ചുപോകുന്നതിനിടെ സൂര്യനെല്ലി ഗണപതി ക്ഷേത്രത്തിനു സമീപമാണ് അപകടം. വാതിലിനു സമീപം നിന്ന മോളി താഴേക്കു വീഴുകയായിരുന്നു.
തുറന്ന വാതിലില്‍ പിടിച്ച് തൂങ്ങിക്കിടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. കുട്ടികള്‍ നിലവിളിച്ചതോടെ വണ്ടി നിര്‍ത്തി. തുടര്‍ന്നു മോളിയെ പുറത്തെടുത്ത് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന അലക്‌സിനു പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സയ്ക്കായി രാജഗിയിലെ ആശുപത്രിയിലേക്കു മാറ്റി.
മക്കള്‍: ജാക്‌സണ്‍, അക്‌സ (റോസ് ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി)
https://www.facebook.com/Malayalivartha


























