മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച ജീവനക്കാരന്‍ കുടുംബത്തോടെ എലിവിഷം കഴിച്ചു

ആരില്‍ നിന്നും പേരുദോഷം കേള്‍പ്പിക്കാത്ത ആ പിതാവിനെ കള്ളനെന്ന മുദ്രകുത്തിയത് താങ്ങാനായില്ല. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കുറിച്ചും നല്ലവളായ ഭാര്യയെ കുറിച്ചും ഓര്‍ത്തു പോയി. അവരറിയാതെ ഐസ്‌ക്രീമിലും കേക്കിലുമായി എലിവിഷം പുരട്ടി.
അങ്ങനെ മോഷണക്കുറ്റം ആരോപിച്ച് വ്യാപാരസ്ഥാപന ഉടമകള്‍ മര്‍ദിച്ച ജീവനക്കാരനും കുടുംബവും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച ജീവനക്കാരന്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നെടുങ്ങോലം വട്ടവിളവീട്ടില്‍ ബാലചന്ദ്രനാ(53)ണു മരിച്ചത്. ഭാര്യ സുനിത (45), മകള്‍ അഞ്ജു ചന്ദ്രന്‍(18) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ബാലചന്ദ്രന്‍ ജോലി ചെയ്തിരുന്ന പരവൂരിലെ മൊത്തവ്യാപാര സ്ഥാപനത്തിലെ മൂന്നു പേരെ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ എട്ടായിട്ടും ബാലചന്ദ്രനെയും കുടുംബാംഗങ്ങളെയും കാണാതിരുന്നതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. എലിവിഷവും പുഡ്ഡിങ് കേക്കും ഒഴിഞ്ഞ ഐസ്‌ക്രീം പാത്രവും സമീപത്തുണ്ടായിരുന്നു. മൂവരെയും ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ബാലചന്ദ്രനെ രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയശേഷം ഭാര്യ സുനിതയെയും അഞ്ജുവിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുനിതയെ വെന്റിലേറ്ററിലേക്കു മാറ്റി. അഞ്ജു അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല. എലിവിഷമായതിനാല്‍ അപകട സാധ്യത കൂടുതലാണ്.
കടയില്‍ നിന്നു പണം അപഹരിച്ചെന്നാരോപിച്ച് കടയുടമയും മക്കളും രണ്ടു ദിവസം മുമ്പ് ബാലചന്ദ്രനെ മര്‍ദിച്ചതായി ബന്ധുക്കള്‍ പറയുന്നു. കടയുടമയും കൂട്ടാളികളും മൂത്തമകള്‍ ബിനി ചന്ദ്രന്റെ വര്‍ക്കലയിലെ ഭര്‍തൃഗൃഹത്തിലെത്തിയും ബഹളംവച്ചിരുന്നു. പോലീസ് ഇടപെട്ട് ബാലചന്ദ്രനെയും കടയുടമയെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയതിനു പിന്നാലെയാണ് കൂട്ട ആത്മഹത്യാശ്രമം നടന്നത്.
https://www.facebook.com/Malayalivartha


























