കാട്ടാനയുടെ ആക്രമണത്തില്‍ അന്ധയായ മകള്‍ മരിച്ചതറിയാതെ മരണക്കിടക്കയില്‍ അമ്മ സരോജിനി

മറയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബേബിയുടെ മാതാവ് സരോജിനി മകളുടെ മരണംപോലും അറിയാതെ ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഏഴിനോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന അന്ധയായ യുവതിയെ ഒറ്റയാന്‍ നിലത്തടിച്ചും വീട്ടുമുറ്റത്തെ നടക്കല്ലില്‍ ചവട്ടിത്തേച്ചും ആക്രമിക്കുമ്പോള്‍ മകളുടെ കരച്ചില്‍കേട്ടെത്തിയ സരോജിനിയെ ആന തൂക്കി എറിയുകയായിരുന്നു.
ദൂരേക്കുവീണ സരോജിനിയെ വീട്ടുമുറ്റത്ത് നിന്നിരുന്ന മരംസഹിതം കുത്തിമറിച്ചു. സരോജിനിയുടെ വാരിയെല്ലുകളും നട്ടെല്ലും തകര്‍ന്നു. അയല്‍വാസികള്‍ ഓടിയെത്തി രക്ഷിക്കാന്‍ നോക്കിയെങ്കിലും ചിന്നംവിളിച്ച് പരിഭ്രാന്തിപരത്തി കാട്ടാന സമീപത്തുതന്നെ നിലയുറപ്പിച്ചതോടെ സരോജിനിയും മകളും വീട്ടുമുറ്റത്തു കിടന്നു പിടിയുന്നത് നാട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളു. പിന്നീട് കൂടുതല്‍പേര്‍ സംഘടിച്ച് എത്തി പടക്കംപൊട്ടിച്ച് ആനയെ തുരത്തിയശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനായത് .
അന്ധയായ മകളെ പൊന്നുപോലെ പോറ്റിവളര്‍ത്തിയ മാതാവ് ആശുപത്രികിടക്കയില്‍ മരണത്തോട് മല്ലടിക്കുന്‌പോള്‍ മകളുടെ മരണവിവരം അറിയിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ചു മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു .
https://www.facebook.com/Malayalivartha
























