ജിഷ്ണു എന്ന ദൈവദൂതന്‍...ദുരന്തവാര്‍ത്തയ്ക്കിടയിലും അര്‍ദ്ധരാത്രിയില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ആദിവാസി യുവാവ് താരമായി

ജിഷ്ണുവിന്റെ ആത്മധൈര്യം തുണയായത് മൂന്ന് ജീവനുകള്‍ക്ക്. വയനാട് ബാണാസുര സാഗര്‍ ഡാമിലെ വെള്ളക്കെട്ടില്‍ ഏഴ് പേര്‍ മുങ്ങിതാഴുന്നതിനിടെ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കരുത്തായത് ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ജിഷ്ണുവെന്ന ആദിവാസി യുവാവിന്റെ മനോധൈര്യം. ബാണാസുരഡാം റിസര്‍വ്വൊയറിലുണ്ടായ അപകടത്തില്‍ വെള്ളത്തില്‍ വീണവര്‍ ജീവനുവേണ്ടി കൊതിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ എപ്പോഴും കൂടെയുണ്ടാകുന്ന ചങ്ങാടവുമായി ജിഷ്ണു അവര്‍ക്കരികിലെത്തി. നീന്തി പാതിജീവനോടെ തുരുത്തിലെത്തിയവര്‍ക്ക് ദൈവദൂതനെപോലെയായിരുന്നു ജിഷ്ണു. രാത്രി പന്ത്രണ്ട് മണിയോടെ കനത്തമഴയെയും കാറ്റിനെയും വകവെക്കാതെയാണ് ജിഷ്ണു തനിയെ മൂന്നു പേരെയും തുരുത്തില്‍ നിന്നും തന്റെ സ്വന്തം ചങ്ങാടത്തില്‍ കരയിലെത്തിച്ചത്. സംഭവമുണ്ടായ സ്ഥലത്ത് നിന്നും 200 മീറ്ററോളം മാറിയാണ് ജിഷ്ണു താമസിക്കുന്ന മാങ്കോട്ടില്‍ ആദിവാസി കോളനി.
അച്ഛന്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ടാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജിഷ്ണു അപകടവിവരമറിയുന്നത്. രക്ഷിക്കാനാവശ്യപ്പെട്ട് നിലവിളി കേട്ടപ്പോള്‍ എപ്പോഴും ഡാം റിസര്‍വ്വൊയറില്‍ മീന്‍ പിടിക്കാനിറങ്ങുന്ന ജിഷ്ണുവായിരിക്കുമോ അപകടത്തില്‍പെട്ടതെന്ന് സംശയത്തില്‍ സ്ഥലത്തെ ബിജെപിപഞ്ചായത്ത് സെക്രട്ടറി കൂടിയായ പൊതുപ്രവര്‍ത്തകന്‍ പി.ശിവദാസനാണ് ജിഷണുവിന്റെ അച്ഛന്‍ ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചത്. ശബ്ദം കേട്ടുണര്‍ന്ന ജിഷ്ണു അപകടവിവരമറിഞ്ഞ് കനത്ത മഴ വകവെക്കാതെ ചങ്ങാടമിറക്കി തനിച്ച് തുഴഞ്ഞ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. 200 മീറ്റര ദൂരം തുഴഞ്ഞെത്താന്‍ കനത്ത കാറ്റും ഓളവും കാരണം ഒരുമണിക്കൂര്‍ നേരമെടുത്തതായി ജിഷ്ണു പറഞ്ഞു. മൊബൈല്‍ഫോണില്‍ പ്രകാശം തെളിയിച്ചെത്തുന്ന ജിഷ്ണുവിനെ തുരുത്തിലുണ്ടായിരുന്ന ജോബി, ലിബിന്‍, ജോബിന്‍ എന്നിവര്‍ ശബ്ദമുണ്ടാക്കി വിളിച്ചാണ് ചങ്ങാടത്തില്‍ കയറിയത്. ദീര്‍ഘനേരം നീന്തിയതിനാലും കനത്തമഴയും കാറ്റുമേറ്റും അവശനിലയിലായിരുന്ന ഇവരെ ജിഷ്ണു ഒരുമണിക്കൂറോളം ചങ്ങാടത്തിലിരുത്തി തുഴഞ്ഞാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. അപ്പോഴെക്കും വിവരമറിഞ്ഞ പോലീസും നാട്ടുകാരും കരയിലെത്തിയിരുന്നു. അപകടത്തില്‍പെട്ടവരാരെങ്കിലും അവശേഷിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ച ശേഷം നേരം പുലരാറായപ്പോഴാണ് ജിഷ്ണു വീട്ടിലെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന തിരച്ചിലുകള്‍ക്കും തന്റെ ചങ്ങാടവുമായി സജീവമായി ഈ ആദിവാസി യുവാവ് രംഗത്തുണ്ടായിരുന്നു.
മൂന്ന് ജീവന്‍ രക്ഷിച്ച ജിഷ്ണുവാണ് ദുന്തത്തിന്റെ നടുക്കത്തിനിടയിലും വയനാട്ടില്‍ താരമായത്.
https://www.facebook.com/Malayalivartha
























