സിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജഡ്ജിക്കെതിരേ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

സിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജസ്റ്റീസ് പി.ഡി. രാജനെതിരേ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയേയും നിയോഗിക്കും. ജഡ്ജിക്കെതിരേ സുപ്രീം കോടതിയിൽ മാവേലിക്കര സിഐ പി. ശ്രീകുമാറാണ് പരാതി നൽകിയത്.
മാവേലിക്ക സർക്കാർ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെ കേസിൽ നിന്നൊഴിവാക്കാൻ ജഡ്ജി ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറിൽ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐയുടെ പരാതി.
സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാർ എന്നിവർക്ക് രണ്ട് മാസം മുൻപ് ശ്രീകുമാർ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. വിജിലൻസ് അന്വേഷണം നടത്തിക്കുമെന്നും തകർക്കുമെന്നും ഭീഷണിപ്പെടുത്തിയ ജസ്റ്റീസ് രാജൻ ഒരു ഘട്ടത്തിൽ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്‍റെ പരാതിയിലുണ്ട്. ഭീഷണിക്കും ശകാരത്തിനുമൊടുവിൽ സിഐയോട് ചേംബറിന് പുറത്ത് കാത്തുനിൽക്കാൻ ജഡ്ജി ആവശ്യപ്പെട്ടു.
പുറത്തു വന്ന സിഐ അപ്പോൾ തന്നെ സംഭവങ്ങൾ ആലപ്പുഴ എസ്പി എ.അക്ബറിനെ വിളിച്ചറിയിക്കുകയും അദ്ദേഹം ഇക്കാര്യങ്ങൾ എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിനെ അറിയിക്കുയും ചെയ്തു. തുടർന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























