സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത നിഷേധിച്ചു. കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ പ്രതികരിച്ചു. മാസ്‌കറ്റ് ഹോട്ടലില്‍ വോട്ടര്‍മാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കര്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ശ്രീലേഖ വേദി വിട്ടെന്നായിരുന്നു വാര്‍ത്ത. യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത ജയശങ്കര്‍ പേര് പറഞ്ഞതും വോട്ട് അഭ്യര്‍ഥിച്ചതും നേമത്തെ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്.
വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി.സോമനോട് കയര്‍ക്കുകയും ചെയ്തുന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതൊന്നുമറിയാതെ പ്രസംഗം തുടര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ വേദിയില്‍ ശ്രീലേഖയുണ്ടായിരുന്നില്ല. പിന്നീട് നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരെ ശ്രീലേഖ അതൃപ്തി അറിയിച്ചതായാണ് വിവരം.
എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചതില്‍ കൂടുതല്‍ പരിപാടികള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാര്‍ഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























