കാലപ്പഴക്കം വന്നതും ലേലം ചെയ്ത് കൊടുക്കുന്നതുമായ ബസ്സുകള്‍ ഇനി ഹോട്ടലുകള്‍; ഹോട്ടല്‍ വരുമാനത്തിന്‍റെ ഒരു വിഹിതം കുടുംബശ്രീക്ക് കൈമാറും

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയും കെ.എസ്.ആർ.ടി.സിയും കൈകോര്‍ക്കുന്നു. കാലപ്പഴക്കം വന്നതും ലേലം ചെയ്ത് കൊടുക്കുന്നതുമായ ബസ്സുകള്‍ കുടുബശ്രീക്ക് കൈമാറുന്നു. അതില്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഹോട്ടല്‍ വരുമാനത്തിന്‍റെ ഒരു വിഹിതം കുടുംബശ്രീക്ക് കൈമാറും.
ബസ്സ് സര്‍വ്വീസുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് വരുമാന സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനാണ് കെ.എസ്.ർ.ടി.സി മാനേജ്മെന്‍റിന്‍റെ ആലോചന. ഇതിന് പുറമെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ടോയലെറ്റുകളുടെ പരിപാലനം,ബസ്സ് വൃത്തിയാക്കല്‍ സ്റ്റാന്‍ഡുകളിലെ റെസ്റ്റോറന്‍റുകള്‍,പാര്‍ക്കിംഗ് സൗകര്യം എന്നിവയിലും കുടുംബശ്രീയുമായി കെ.എസ്.ർ.ടി.സി കൈകോര്‍ക്കും. അത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ കുടുംബശ്രീ- കെ.എസ്.ആർ.ടി.സി അധികാരികള്‍ തമ്മില്‍ നടത്തിയിരിക്കുകയാണ്.
വിവിധ ഡിപ്പോകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനവും നടക്കുന്നു. പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച തന്നെ കെ.എസ്.ആർ.ടി.സി എം.ഡിക്ക് കൈമാറും. ഹോട്ടല്‍ നടത്തിപ്പ് കരാര്‍ നിലവിലെ കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഇടന്‍ അത് കുടുംബശ്രീക്ക് നല്‍കും. ബസ്സുകള്‍ വൃത്തിയാക്കുന്നതിന് യുവശ്രീ ഗ്രൂപ്പുകളെയാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. ബസ്സ് സ്റ്റാന്‍ഡുകളിലെ സ്ത്രീകളുടെ വിശ്രമിമുറികളും റെയില്‍വെ മാതൃകയില്‍ നവീകരിച്ച് കുടുംബശ്രീക്ക് പരിപാലന ചുമതല നല്‍കും.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ ഷോപ്പിംഗ് കോംപ്ലെക്സുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലെ കടകള്‍ വിറ്റ് പോകാത്തത് വരുമാന പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന ബസ്സുകള്‍ എങ്ങനെ വരുമാന മാര്‍ഗ്ഗമായി ഉപയോഗിക്കാം എന്ന ചര്‍ച്ചകള്‍ സജീവമാക്കിയത്.
https://www.facebook.com/Malayalivartha























