ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും, 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏത് തരത്തിലുള്ള ജോലിയാണെന്നത് വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച ശേഷം തീരുമാനിക്കും. 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.ഐ ക്രിസ്പിന്‍ സാമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. അന്യായ തടങ്കല്‍, കൃത്രിമ രേഖ ചമക്കല്‍ എന്നിവയാണ് സി.ഐക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. എന്നാല്‍, സി.ഐക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് സി.ഐയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.ശ്രീജിത്തിനെ മര്‍ദിച്ച പൊലീസുകാരുടെ കൂട്ടത്തില്‍ സി.ഐ ഇല്ലെന്നാണ് സുചന.
എങ്കിലും സി.ഐക്ക് സംഭവങ്ങളുടെ മേല്‍നോട്ടത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്യായ തടങ്കലിന് സി.ഐ ഒത്താശ ചെയ്തുവെന്നും അന്വേഷണസംഘം കണക്കു കൂട്ടുന്നുണ്ട്. കസ്റ്റഡി മരണത്തില്‍ തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും സി.ഐക്കെതിരെ ഉയര്‍ന്നേക്കും.
https://www.facebook.com/Malayalivartha

























